കോഴിക്കോട്: നാല് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ കണ്ടെത്തി. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനെല്ലൂര്‍ കോട്ടക്കുന്ന് ഷിജുവിനെയാണ് ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തിയത്. ഷിജുവിനെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലായിരുന്നു. വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയിലാണ് ഷിജുവിനെ കിണറ്റില്‍ കണ്ടെത്തിയത്. സമീപവാസിയായ ഉറവള്ളൂര് ബിജോയിയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ കിണറ്റില്‍ നിന്നും ശബ്ദം കേട്ടത്. സംശയം തോന്നിയ ബിജോയി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് യുവാവിന്റെ ശബ്ദം കേട്ടത്. പേരാമ്പ്ര അഗ്നിശമന സേനാ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തില്‍ ഷിജുവിനെ കിണറില്‍ നിന്ന് കയറ്റി.
തുടര്‍ന്ന് പേരാമ്പ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴമുള്ള കിണറില്‍ വീണ ഷിജു പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടത് നാട്ടുകാരില്‍ അത്ഭുതമുളവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: