വിളവെടുപ്പിന് തയ്യാറായി കാന്തല്ലൂരിലെ പച്ചക്കറി കൃഷി

Thursday 11 August 2016 12:28 pm IST

മറയൂര്‍: ഇടുക്കിയുടെ അതിര്‍ത്തി പ്രദേശമായ കാന്തല്ലൂരില്‍ പച്ചക്കറികള്‍ വിളവെടുപ്പിന് തയ്യാറാകുന്നു. ശീതകാല പച്ചക്കറികളായ വെളുത്തുള്ളി, കിഴങ്ങ്, ബീന്‍സ്, കാബേജ്, കാരറ്റ് എന്നിവയാണ് ഓണ വിപണി ലക്ഷ്യമിട്ട് വളരുന്നത്. കാന്തല്ലൂര്‍, കീഴാന്തൂര്‍, പെരുമല എന്നിവിടങ്ങളിലാണ് കൃഷിയിറക്കിയിരിക്കുന്നത്. വില ഉയരുമെന്ന് പ്രതീക്ഷയില്‍ കര്‍ഷകര്‍ വന്‍തോതില്‍ ഈ മേഖലയിലേക്കു തിരിഞ്ഞത്. കാന്തല്ലൂരിലെ പ്രത്യേക കാലാവസ്ഥയ്ക്ക് അനിയോജ്യമായ കിഴങ്ങും, വെളുത്തുള്ളിയുമാണ് ഏറെ ലാഭകരമെന്നാണ് കര്‍ഷകരുടെ പക്ഷം. വിളവെടുപ്പിന് പാകമായി വരുന്ന ഇവ കേടാകാത്തതും വില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പാട്ടത്തിനെടുക്കുന്ന കൃഷിയിടങ്ങളിലാണ് അധികവും കൃഷി. മൂന്നാറിനേക്കാളും ഉയര്‍ന്ന തണുപ്പാണ് രാത്രികാലങ്ങളില്‍ കാന്തല്ലൂരില്‍ അനുഭവപ്പെടുന്നത്. ഇത് കാരറ്റ്, ക്യാബേജ്, പഴവര്‍ഗ കൃഷികള്‍ക്ക് വളരെ അനുയോജ്യമാണ്. ഇതോടൊപ്പം ഓണ വിപണി മാത്രം ലക്ഷ്യമാക്കി പൂവ് കൃഷിയും നടത്തുന്നു. ഓണ സീസണ്‍ അടുക്കുന്നതോടെ നിരവധി വിനോദസഞ്ചാരികളും ഇങ്ങോട്ടെത്താറുണ്ട്. കടുത്ത വേനലില്‍ കൃഷികള്‍ ഉണങ്ങിപ്പോയ മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍ക്ക് ഓണം വന്‍ പ്രതീക്ഷ നല്‍കുന്നു. ഹോര്‍ട്ടികോര്‍പ്പ് ഇവിടെ വിളയുന്ന പച്ചക്കറികള്‍ സംസ്‌കരിച്ച് വില്‍പ്പനയ്‌ക്കെത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത് കര്‍ഷകരെ അലട്ടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.