ജിഎസ്ടി ബില്‍ ലോക്സഭ പാസാക്കി

Monday 8 August 2016 8:42 pm IST

ന്യൂദല്‍ഹി: ചരക്കുസേവന നികുതി(ജിഎസ്ടി) ബില്ല് ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ലോക്സഭ ബില്ല് പാസാക്കിയത്. എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. നികുതി ഭീകരതയില്‍നിന്ന് ഭാരതത്തിന് മോചനമായെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പറഞ്ഞു. ജിഎസ്ടി ബില്‍ പാസാവുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വിജയമല്ലെന്നും എല്ലാവരുടേയും വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി, വില വര്‍ദ്ധനക്ക് ഇടയാക്കുമെന്ന കോണ്‍ഗ്രസ് നിലപാട് ബാലിശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പിലാവുന്നതോടെ നികുതി വെട്ടിപ്പും കള്ളപ്പണവും പരിധിവരെ തടയാന്‍ കഴിയുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 122-ാം ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്ല് പാസ്സായത്. ചരക്കുസേവന നികുതി ബില്‍ ഒമ്പത് മാറ്റങ്ങളോടെയാണ് രാജ്യസഭ പാസ്സാക്കിയത്. ഈ സാഹചര്യത്തിലാണ് അനുമതിക്കായി ബില്ല് വീണ്ടും ലോക്സഭയില്‍ എത്തിയത്. ബില്ല് പാസാക്കിയശേഷം ലോക്സഭാ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭ അനുമതി നല്‍കിയതോടെ രാഷ്ടപതി ബില്ല് സംസ്ഥാനങ്ങളുടെ അനുമതിക്കായി അയയ്ക്കും. പകുതി നിയമസഭകള്‍ ബില്ല് പാസാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഈ മാസം ഇരുപത്തിയേഴിന് ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വിളിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.