നഗരത്തില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം

Monday 8 August 2016 10:04 pm IST

കോട്ടയം: നഗരത്തില്‍ തെരുവു നായ് ശല്യം രൂക്ഷം. നഗരത്തിലെ പ്രധാന വഴികളിലും ഇടവഴികളിലുമാണ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവു നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞ് നടന്ന് വഴിയാത്രക്കാരെ ആക്രമിക്കുന്നത്. തെരുവു നായ് ശല്യം രൂക്ഷമായതിനാല്‍ വഴിയാത്രക്കാര്‍ ദുരിതത്തിലാണ്. ഗുഡ്‌ഷെപ്പേര്‍ഡ് റോഡ്, റെയില്‍വേസ്‌റ്റേഷന്‍ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളാണ് പ്രധാനമായും തെരുവു നായ്ക്കള്‍ വിഹാരകേന്ദ്രം ആക്കിയിരിക്കുന്നത്. റെയില്‍വേസ്റ്റഷന്‍ പ്ലാറ്റ് ഫോമില്‍ രാത്രികാലങ്ങളില്‍ നൂറു കണക്കിന് തെരുവുനായക്കളാണ് എത്തിച്ചേരുന്നത്. ഇവയെല്ലാം പരസ്പരം കടിപിടികൂടി യാത്രക്കാരെ ഉപദ്രവിക്കുന്നതും പതിവാണ്. ഇതിനാല്‍ സ്‌കുള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജനങ്ങള്‍ ഭയപ്പാടോടുകൂടിയാണ് ഇത് വഴി സഞ്ചരിക്കുന്നത്. കൂട്ടംകൂടി നടക്കുന്ന തെരുവു നായ്ക്കള്‍ ബൈക്ക് യാത്രികര്‍ക്ക് നേരെയും അക്രമണം നടത്തുന്നു. നഗരത്തില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതാണ് നായ് ശല്യം രൂക്ഷമാകാന്‍ കാരണം. അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങള്‍ റോഡ് വക്കുകളില്‍ തള്ളുന്നത് നായ്ക്കളെ ആകര്‍ഷിക്കുന്നു. റോഡ് സൈഡിലും മറ്റും ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും മറ്റും റോഡില്‍ വലിച്ചിഴച്ച് കൊണ്ടുവന്ന് ഇടുകയും ചെയ്യുന്നു. ദിനം പ്രതി അനേകം പേര്‍ക്കാണ് തെരുവു നായ്ക്കളുടെ അക്രമത്തില്‍ പരിക്കേല്‍ക്കുന്നത്. രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍, വ്യാപാരികള്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാകുന്നു. തെരുവു നായ്ക്കള്‍ റോഡിന് കുറുകെ നടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്നതും പതിവാണ്. കൂടാതെ വളര്‍ത്തു മൃഗങ്ങളെയും കോഴികളേയും മറ്റും തെരുവ് നായ്ക്കള്‍ വ്യാപകമായി കൊന്നൊടുക്കുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഇത് സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഉടന്‍തന്നെ ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.