പോലീസുകാരനെതിരെ ജാമ്യമില്ലാവകുപ്പു ചേര്‍ത്ത് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 8 August 2016 11:02 pm IST

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ വയര്‍ലെസ് സെറ്റ് കൊണ്ടടിച്ച് യുവാവിന്റെ തല തല്ലിപ്പൊട്ടിച്ച പോലീസുകാരനെതിരെ ഐപിസി 226 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ തുടര്‍ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ചികിത്സാ കാലയളവില്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരവും നല്‍കണമെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ ആവശ്യപ്പെട്ടു. കേസ് ഒത്തുതീര്‍ക്കുന്നതിനു പകരം ഇങ്ങനെയുള്ള പോലീസുകാരെ മാതൃകാപരമായി ശിക്ഷിച്ച് കേരള പോലീസിന്റെ സത്‌പേര് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ആവശ്യപ്പെട്ടു. ചികിത്സാചെലവും നഷ്ടപരിഹാരവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഉത്തരവാദികളില്‍ നിന്നും സര്‍ക്കാരിന് പിന്നീട് അത് ഈടാക്കാമെന്നും കമ്മീഷന്‍ പ്രാഥമികമായി അഭിപ്രായപ്പെട്ടു. പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിലെ ഉയര്‍ന്ന ഉദേ്യാഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തി സംസ്ഥാന പോലീസ് മേധാവി ഓഗസ്റ്റ് 28ന് രാവിലെ 11ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കണം. നഷ്ടപരിഹാരത്തെ കുറിച്ചുള്ള സര്‍ക്കാര്‍ അഭിപ്രായം ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അതേസമയം ഹാജരാക്കണം. കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍  മാഷ്ദാസാണ് സന്തോഷിന്റെ തല തല്ലിപ്പൊട്ടിച്ചത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.