കൊച്ചി: സെപ്തംബര്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന് മുന്നോടിയായി സെപ്തംബര്‍ 11 ന് ബൂത്ത് അടിസ്ഥാനത്തില്‍ പതാകദിനം ആചരിക്കും. സെപ്തംബര്‍ അഞ്ചു മുതല്‍ 15 വരെ ഗൃഹസമ്പര്‍ക്കം നടത്തും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് 20 ന് കോഴിക്കോട് ഉദ്ഘാടനം ചെയ്യും. മണ്ഡലം അടിസ്ഥാനത്തില്‍ തലമുറകളുടെ സംഗമ പരിപാടി സംഘടിപ്പിക്കും.
കോഴിക്കോട് സമ്മേളനം കേരളത്തിലെ ബിജെപിയുടെ സംഘടനാചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കൊച്ചിയില്‍ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,700 പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.
24 ന് വൈകിട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കും. 25 ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ജനസംഘം അധ്യക്ഷനായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പാര്‍ട്ടി വക്താവ് അഡ്വ. ജെ. പത്മകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: