കശ്മീരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Tuesday 9 August 2016 8:38 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വികസനരൂപേണയുള്ള പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെത്തിയ അദ്ദേഹം രണ്ടാഴ്ച്ച നീളുന്ന പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കശ്മീരിന് സമാധാനം ആവശ്യമാണ്. കശ്മീരിലെ നല്ലരീതിയിലുള്ള ജീവിത സാഹചര്യത്തിന് എന്താണോ ആവശ്യം അതിന് കേന്ദ്രത്തിന്റെ സഹായമുണ്ടാകും. കശ്മീരില്‍ വികസനം കൊണ്ടു വരേണ്ടതാണ് നമ്മുടെ ആവശ്യമെന്നും മോദി പറഞ്ഞു. വികസനത്തിന് വേണ്ട എല്ലാ മാര്‍ഗ്ഗങ്ങളും തേടും. കശ്മീര്‍ സര്‍ക്കാരോ അല്ലെങ്കില്‍ കേന്ദ്രമോ അതിനായി പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി. കശ്മീരിലെ യുവാക്കള്‍ കൈയില്‍ കല്ലുകളേന്തുന്നതിന് പകരം ഹൃദയത്തില്‍ സ്വപ്‌നങ്ങള്‍ നിറയ്ക്കാന്‍ തയ്യാറാകണം. ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റും ബോളും കൈയില്‍പിടിക്കേണ്ട യുവാക്കള്‍ അതിനുപകരം കല്ലുകള്‍ കൈയില്‍പിടിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും മോദി പറഞ്ഞു. നമ്മള്‍ സ്‌നേഹിക്കുന്ന കശ്മീരിനെ ചിലര്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിലെ ഗ്രാമങ്ങളിലെ പരിതാപകരമായ അവസ്ഥയെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചില ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതി കടന്നു ചെന്നിട്ടില്ല. നമ്മള്‍ എഴുപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. ഭാരതത്തിന്റെ ഭാവിയെ മാറ്റുന്നതിന് നമ്മുടെ ദേശീയ പതാക ജനങ്ങള്‍ക്ക് ഉത്തേജനം പകരുന്നു. പതാക അവരില്‍ ദേശഭക്തി ഉളവാക്കുന്നു- മോദി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയായ ചന്ദ്രശേഖര്‍ അസാദിന്റെ നാട്ടില്‍ എത്താന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. സംസ്ഥാനത്തെ പിന്തുണച്ചതില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.