നിറക്കൂട്ടൊരുക്കി കുരുന്നുകള്‍

Tuesday 9 August 2016 7:36 pm IST

ആലപ്പുഴ: കേരളത്തിന്റെ സാസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി വീഥികള്‍. നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ വര്‍ണക്കുടയും ബലൂണുകളും കൊടിതോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. 64ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ വരവറിയിച്ചുള്ള സാസ്‌കാരിക ഘോഷയാത്രയാണ് വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാര്‍ത്ത് അണിയിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പോലീസ് മേധാവി എ.അക്ബര്‍ ഫഌഗ് ഓഫ് ചെയ്തു. ഓണത്തിന്റെ വരവറിയിച്ച് മഹാബലിയാണ് ഘോഷയാത്രയുടെ മുന്നില്‍ നടന്നുനീങ്ങിയത്. തൊട്ടുപിന്നാലെ കൊമ്പ്, ചേങ്ങില, ഇലത്താളം, ഇടയ്ക്ക തുടങ്ങിയുള്ള വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും തുടര്‍ന്ന് ചെണ്ടണ്‍മേളക്കാരും അണിനിരന്നു. കൂറ്റന്‍ കഥകളിവേഷക്കാരും മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തെയ്യങ്ങളും കാഴ്ചക്കാര്‍ക്ക് ആവേശം പകര്‍ന്നു. നീല, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വര്‍ണക്കുട ചൂടിയാണ് ചില സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എത്തിയത്. നഗരത്തിലെ സ്‌കൂളുകള്‍, ബിഎഡ് കോളജ്, ടിടിഐ തുടങ്ങി മിക്ക വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ജാഥയില്‍ അണിനിരന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍സിസി, എസ്പിസി കേഡറ്റുകളും ഘോഷയാത്രയുടെ ഭാഗമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.