സ്വാതന്ത്ര്യ - റിപ്പബ്ലിക് ദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാക്കണം: എന്‍ജിഒ സംഘ്

Tuesday 9 August 2016 7:41 pm IST

ചെങ്ങന്നൂര്‍: ദേശീയ പ്രധാന്യമുള്ള സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും പ്രവൃത്തി ദിവസങ്ങളാക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളാ എന്‍ജിഒ സംഘ് ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒത്തുകൂടി ഓഫീസില്‍ ദേശിയ പതാക ഉയര്‍ത്തണമെന്നുള്ള നിര്‍ദ്ദേശം നിലവിലുണ്ടങ്കിലും ആ ജോലി ഓഫീസ് വാച്ച്മാനെയോ ശിപായിയെയോ ഏല്‍പ്പിച്ചശേഷം ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്നതാണ് കണ്ടുവരുന്നത്. രാഷ്ട്ര പുരോഗതിക്ക് വേണ്ട ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ദേശീയ ദിനങ്ങള്‍ അവധിയില്‍ തളച്ചിടാതെ സേവനോന്മുഖമായ പ്രവര്‍ത്തനത്തിലൂടെ ജനക്ഷേമകരമായി മാറ്റിത്തീര്‍ക്കാന്‍ ജീവനക്കാരും സന്നദ്ധരാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പങ്കാളത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയിലൂടെ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ.മഹാദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.ജയ്ദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് എം.ആര്‍. പ്രസാദ്, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് വൈ.യോഗേഷ്, കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സെക്രട്ടറി എന്‍.ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന സാംസ്‌ക്കാരിക സദസ്സ് ചലച്ചിത്രഗാന രചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. തപസ്യ കലാ സാഹിത്യവേദി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ ക്വിറ്റ് ഇന്ത്യാദിന സന്ദേശം നല്‍കി. എ.കെ. ഗിരീഷ്, എ.കെ. ഗോപീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.