ന്യൂദല്‍ഹി: ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോഡികളായ സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം വേര്‍പിരിയുന്നു. യുഎസ് ഓപ്പണ്‍ ഡബിള്‍സില്‍ ഇരുവരും വെവ്വേറെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണു സൂചന.
സാനിയ മുന്‍ പങ്കാളി കൂടിയായ യുഎസിന്റെ കൊക്കോ വാണ്ടെവെഗയ്ക്കൊപ്പം മത്സരിക്കുമ്പോള്‍ ഹിംഗിസ് ചെക്ക് റിപ്പബ്ളിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയ്ക്കൊപ്പമാണ് റാക്കറ്റേന്തുക. സാനിയയും വാണ്ടെവെഗയും നേരത്തെ ഒരുമിച്ചു കളത്തിലിറങ്ങിയിട്ടുണ്ട്. ബിര്‍മിംഗ്ഹാം ഓപ്പണില്‍ ഇരുവരും ഒരുമിച്ചു മത്സരിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്താകാനായിരുന്നു വിധി.
വിംബിള്‍ഡണ്‍ ഉള്‍പ്പെടെ 14 കിരീടങ്ങളാണ് സാനിയ സഖ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ നേടിയത്. 2015ല്‍ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ സാനിയ-ഹിംഗിസ് സഖ്യം ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി. ഇതിനുശേഷം ഇറ്റാലിയന്‍ ഓപ്പണ്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഓപ്പണ്‍ കിരീടങ്ങള്‍ സഖ്യം നേടിയിരുന്നു.
ഇതിനുശേഷം കളിച്ച ടൂര്‍ണമെന്റുകളില്‍ വിജയിക്കാന്‍ സഖ്യത്തിനു സാധിച്ചിരുന്നില്ല. ഇതാണ് പിരിയലിനു കാരണമെന്നാണ് സൂചന. എന്നാല്‍ സാനിയയോ, ഹിംഗിസോ വേര്‍പിരിയലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: