തമിഴ്‌നാട്ടില്‍ ട്രെയിനില്‍ വന്‍ കവര്‍ച്ച

Tuesday 9 August 2016 10:06 pm IST

കൊച്ചി: ചെന്നൈ-സേലം എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. നാലു കോടിയോളം രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും കേടായതുമായ നോട്ടുകളുമാണ് സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തില്‍ കവര്‍ന്നത്.

328 കോടി രൂപയുടെ നോട്ടുകളുമായി ചെന്നൈയിലേക്ക് തിരിച്ച ട്രെയിന്‍ എഗ്മൂര്‍ സ്‌റ്റേഷഷനിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തായത്. 10 മുതല്‍ 1,000 രൂപ വരെയുള്ള നോട്ടുകള്‍ 228 പെട്ടികളിലാക്കി മൂന്ന് ബോഗികളിലാണ് സൂക്ഷിച്ചിരുന്നത്. അധികമായി ചേര്‍ത്ത മൂന്ന് ബോഗികളില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗങ്ങളില്‍ സായുധ പോലീസ് കാവലുണ്ടായിരുന്നു. നടുവിലത്തെ ബോഗിയില്‍ ഒന്നരയടിയോളം വിസ്തൃതിയില്‍ ഗ്യാസ് കട്ടര്‍ കൊണ്ട് ദ്വാരമുണ്ടാക്കി അകത്തുകടന്ന് സീല്‍ ചെയ്ത പെട്ടി പൊളിച്ചാണ് മോഷണം.

അഞ്ച് ബാങ്കുകളില്‍ നിന്ന് ശേഖരിച്ച കോടികളുടെ പഴയ നോട്ടുകള്‍ ചെന്നൈയിലെ ആര്‍ബിഐ ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. എവിടെവെച്ചാണ് മോഷണമെന്നു വ്യക്തമല്ല. സേലത്തുനിന്ന് രാത്രി പുറപ്പെട്ട ട്രെയിനിന് സേലം ടൗണ്‍, അയോധ്യപട്ടണം, വിരുദാചലം, വില്ലുപുരം, തിണ്ടിവനം, ചെങ്കല്‍പേട്ട്, താംബരം എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടു. ഇന്നലെ പുലര്‍ച്ചെ എഗ്‌മോര്‍ സ്‌റ്റേഷനില്‍ സര്‍വ്വീസ് അവസാനിച്ച ട്രെയിന്‍ യാത്രക്കാരെ ഇറക്കിയശേഷം ചെട്ട്‌പേട്ട് യാര്‍ഡിലേക്ക് മാറ്റി.

രാവിലെ ഒമ്പതു മണിയോടെ റെയില്‍വെ പാഴ്‌സല്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
സേലത്തുനിന്ന് ഡീസല്‍ എഞ്ചിനുമായി പുറപ്പെടുന്ന വണ്ടി വിരുദാചലത്ത് വൈദ്യുതി എഞ്ചിനിലേക്ക് മാറ്റാന്‍ എടുക്കുന്ന സമയത്തിനിടെ കവര്‍ച്ചക്കാര്‍ ബോഗിക്കുള്ളില്‍ കടന്നിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ട്രെയിന്‍ നിര്‍ത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുക്കുന്നു.

ഓരോ പെട്ടിയിലും സൂക്ഷിച്ചിരുന്ന നോട്ടുകളുടെ കൃത്യമായ കണക്ക് ആര്‍ബിഐ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഓടുന്ന ട്രെയിനുകളിലെ കൊള്ളകള്‍ പലതവണ നടന്നിട്ടുണ്ട്. എന്നാല്‍ സായുധ പോലീസിന്റെ അകമ്പടിയോടെ പണവുമായി പോവുകയായിരുന്ന ട്രെയിനില്‍ നടന്ന മോഷണം ദുരൂഹമായി തുടരുന്നു.

1963ലെ ദ ഗ്രേറ്റ് ട്രെയിന്‍ റോബറി

ട്രെയിന്‍ കൊള്ളയടിച്ച സ്ഥലം

ലണ്ടന്‍: ലോകത്തെ നടുക്കിയ ട്രെയിന്‍ കൊള്ളയാണ് 1963ല്‍ ലണ്ടനില്‍ നടന്നത്. ആഗസ്റ്റ് എട്ടിന് ഗ്ലാസ്‌ഗോയില്‍ നിന്ന് ലണ്ടനിലേക്ക് പോയ റോയല്‍ മെയിന്‍ ട്രെയിനാണ് പുലര്‍ച്ചെ ബെക്കിങ്ഹാം ഷെയറിനു സമീപം ബ്രിഡ്ജ്‌ഗോ റെയില്‍പ്പാലത്തില്‍ വച്ച് പതിനഞ്ചംഗ സംഘം കൊള്ളയടിച്ചത്. ബ്രൂസ് റെയ്‌നോള്‍ഡ്‌സിന്റെ നേതൃത്വത്തില്‍, സിഗ്‌നല്‍ നശിപ്പിച്ച് ട്രെയിനില്‍ കടന്ന സംഘം 26 ലക്ഷം പൗണ്ട് (ഇന്ന് 491 ലക്ഷം പൗണ്ട്) തട്ടിയെടുത്തു. കൊള്ളക്കാരെ പിന്നീട് പിടിച്ചെങ്കിലും പണത്തിന്റെ സിംഹഭാഗവും വീണ്ടെടുക്കാനായില്ല.

കൊള്ളക്കാര്‍ തോക്ക് ഉപയോഗിച്ചിരുന്നില്ല. പക്ഷെ, ട്രെയിന്‍ ഡ്രൈവറെ ഇരുവടിക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ഭേദമായിട്ടും പിന്നീട് ഇയാള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ ഗുണ്ടാ നേതാക്കള്‍ക്ക് 30 വര്‍ഷം തടവാണ് ലഭിച്ചത്. പണത്തിന്റെ വിവരമറിയാവുന്ന പാട്രിക് മക്കന്നയെന്ന തപാല്‍ ജീവനക്കാരനാണ് കൊള്ളസംഘത്തിന് വിവരം ചോര്‍ത്തി നല്‍കിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു കൊള്ള.

റെയ്‌നോള്‍ഡ്‌സിന്റെ സംഘത്തിന് ട്രെയിന്‍ തടഞ്ഞ് കൊള്ള അറിയാത്തതിനാല്‍ മറ്റൊരു സംഘത്തെ കൂട്ടുപിടിച്ചു. തപാല്‍ വണ്ടിയുടെ എന്‍ജിന് തൊട്ടുപിന്നിലുള്ള കോച്ചില്‍ പണമാണ് കയറ്റുക. സിഗ്‌നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ നിര്‍ത്തിയ സംഘം തപാല്‍ ട്രെയിന്‍ ജീവനക്കാരെ ആക്രമിച്ച് അവശരാക്കി.

രണ്ടാം കോച്ചിലെ പണം നിറച്ച 120 ചാക്കുകളും എടുത്ത് 20 മിനിറ്റു കൊണ്ട് തങ്ങള്‍ എത്തിച്ച ട്രക്കിലാക്കി സ്ഥലം വിട്ടു. 43 കിലോമീറ്റര്‍ അകലെയുള്ള ലെതര്‍ സൈഡ് ഫാമിലേക്കാണ് പോയത്. അവിടെവച്ച് കൊള്ളമുതല്‍ 16 ആയി പകുത്തു. കൊള്ളയില്‍ പങ്കെടുത്ത ചെറിയ ചില സംഘങ്ങള്‍ക്കും കുറച്ചു പണം നല്‍കി.അവിടെ നിന്ന് മുങ്ങിയ കൊള്ളക്കാരെ പോലീസ് വൈകാതെ കുടുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.