ഓഫീസ് ആക്രമണം: കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര് മുറുകുന്നു

Tuesday 9 August 2016 10:27 pm IST

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം)ന്റെ കാഞ്ഞിരപ്പള്ളി ഓഫീസിന് നേരെ തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ഇരു പാര്‍ട്ടികളും തമ്മില്‍ നേര്‍ക്ക് നേര്‍ പോരിന് കളമൊരുക്കി. അക്രമത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ ശക്തമായി രംഗത്തു വന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ഇടപെട്ടതോടെ വരും ദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത. അക്രമം അപലപനീയം: എന്‍. ജയരാജ് എംഎല്‍എ കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മറ്റി ഓഫീസിനു നേരെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അപലപനീയമെന്ന് എന്‍ ജയരാജ് എംഎല്‍എ. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കണം. സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തെ കായികമായി നേരിടാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം അംഗീകരിക്കുവാന്‍ കഴിയില്ല. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നും എംഎല്‍ എ അവശ്യപ്പെട്ടു. എല്‍ഡിഎഫ് വിട്ട് ആര്‍ എസ്പി യുഡിഎഫിലേക്ക് വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എമാരുടെ രാജി ആവശ്യപ്പെട്ടിരുന്നില്ല അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയിലേക്കോ എല്‍ ഡിഎഫിലേക്കോ മുന്നണി മാറുന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ തീരുമാനിച്ചിട്ടില്ല. സ്വതന്ത്രമായ രാഷ്ടീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുള്ള തിരുമാനമാണ് കേരള കോണ്‍ഗ്രസ് എടുത്തിട്ടുള്ളെതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വളര്‍ത്തുന്നതിനുള്ള പരിപാടികളുമായി മുന്നോട്ട് പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ തല്ലിതകര്‍ത്ത കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് സന്ദര്‍ശിക്കാനെത്തിയാതായിരുന്നു എംഎല്‍എ സംസ്ഥാന നിര്‍വ്വാഹക സമതിയംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ സെക്രട്ടറി പ്രസാദ് ഉരളികുന്നം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വാര്‍ഡ് മെമ്പര്‍മാരായ ടോം തോമസ്, ഷീല തോമസ്, നൈനാച്ചന്‍ വാണിയപുരയ്ക്കല്‍ എന്നിവരും ഒപ്പമുണ്ടായുന്നു. അടിച്ചാല്‍ തിരിച്ചടിക്കും: സജി മഞ്ഞക്കടമ്പില്‍ കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി തീരുമാനത്തെ കായികമായി നേരിടാന്‍ ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിനിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. കോണ്‍ഗ്രസിന്റെ ഓഫിസിന് നേരെ ചീമട്ടയെറിയാനും തല്ലിതകര്‍ക്കാനും ഞങ്ങള്‍ക്കും കഴിയും. പക്ഷെ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാന്യതയുടെ ഭാഗമായി ഇപ്പോല്‍ സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അക്രമണം തുടരാനാണ് ശ്രമമെങ്കില്‍ തിരിച്ചടിക്കുക തന്നെ ചെയ്യും. കാഞ്ഞിരപ്പള്ളിയിലെ യുവ കോണ്‍ഗ്രസ് നേതാവിനെതിരായുള്ള അഴിമതിയാരോപണം മറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അക്രമണമെന്ന് അദ്ദേഹം ആരോപിച്ചു. മാണി ഗ്രൂപ്പ് യുഡിഎഫ് മുന്നണി വിട്ടതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടി ഓഫിസിനു നേരെ ആക്രമണം നടന്നത്. പാര്‍ട്ടി ഓഫിസിന്റെ ബോര്‍ഡും കൊടിമരവും നശിപ്പിച്ചു. ഓഫിസിലേക്ക് ചീമുട്ടയേറും നടന്നു. ഓഫിസിനുള്ളിലെ കസേരകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കുരിശുങ്കല്‍ ജംങ്ഷന് സമീപത്തെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലേക്ക് ചില പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയായിരുന്നു. കെ.എം. മാണിക്കെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് ഓഫിസിനു നേരെ അക്രമം അഴിച്ചുവിട്ടത്. ഈ സമയം പാര്‍ട്ടി ഓഫിസില്‍ ആരുമില്ലായിരുന്നു. ഓഫീസിന് നാശമുണ്ടാക്കുന്നതിനിടെ നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്‍തിരിപ്പിച്ചു. തിരികെ പേട്ടക്കവലയിലെത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും, ലഡു വിതരണം നടത്തുകയും ചെയ് തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.