നോര്‍ക്ക നോക്കുകുത്തി

Tuesday 9 August 2016 10:38 pm IST

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഉയര്‍ത്തിയതിനു പിന്നില്‍ പ്രവാസി മലയാളികളുടെ വിയര്‍പ്പും കണ്ണീരുമാണെന്ന സത്യം മറക്കുന്നു. മരുഭൂമിയില്‍ പണിയെടുത്ത് നാട്ടിലേക്കയയ്ക്കുന്ന പണമാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നത്. ഒരു സുപ്രഭാതത്തില്‍ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും പദ്ധതികളും. *പെന്‍ഷന്‍ കേരള പ്രവാസിക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി. പ്രവാസികളില്‍ നിന്ന് അംശാദായം വാങ്ങിയ ശേഷം 60 വയസ് കഴിഞ്ഞാല്‍ നല്‍കുന്നത് തുച്ഛം. പ്രവാസ ജീവിതം ഉപേക്ഷിച്ചു വന്നവര്‍ക്ക് 500 രൂപ, പ്രവാസ ജീവിതം തുടരുന്നവര്‍ക്ക് 1000 രൂപ. വര്‍ഷംതോറും മൊത്തം ഒരു ലക്ഷം കോടി രൂപ നാട്ടിലേക്ക് അയയ്ക്കുന്നവര്‍ക്കാണ് ഇത്. ബോര്‍ഡില്‍ 85,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. *നോര്‍ക്ക വകുപ്പ് പ്രവാസി ക്ഷേമത്തിന് 1996 ലാണ് ഭാരതത്തില്‍ ആദ്യമായി കേരളം നോര്‍ക്ക വകുപ്പ് രൂപീകരിച്ചത്. വിദേശ മലയാളിയുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുക, വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്യുക, അനന്തരാവകാശികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുക, അപകടത്തില്‍പെടുന്നവരെ സഹായിക്കുക, നിയമസഹായവും നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വിമാനടിക്കറ്റും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. എന്നാല്‍, വകുപ്പ് വെറും നോക്കുകുത്തി. സാന്ത്വന പദ്ധതി, കാരുണ്യപദ്ധതി, ചെയര്‍മാന്‍സ് പദ്ധതി, പുനഃരധിവാസ പദ്ധതി എന്നിവ കടലാസിലൊതുങ്ങി. തൊഴില്‍ തുടങ്ങാന്‍ ഇരുപത് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ജാമ്യമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍, ബാങ്ക് അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എല്ലാ വായ്പയ്ക്കും ജാമ്യം വാങ്ങണമെന്നായിരുന്നു. വെറുംകൈയോടെ എത്തുന്നവര്‍ക്ക് ജാമ്യം നല്‍കാന്‍ സാധിക്കാതായതോടെ വായ്പയില്‍ നിന്നു പിന്തിരിഞ്ഞു. തിരികെ വന്നവര്‍ക്ക് പാക്കേജില്‍ പ്രത്യേക പരിഗണനയില്ല. മറ്റുള്ളവരെ തെരഞ്ഞെടുക്കുന്ന അതേ മാനദണ്ഡമാണ് ഇവര്‍ക്കും. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും വിദേശ പ്രതിനിധികളുടെ ഇഷ്ടത്തിനനുസരിച്ച്. അവര്‍ക്ക് താമസ സൗകര്യം ഒരുക്കുക, ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക മാത്രമാണ് നോര്‍ക്കയുടെ ഉത്തരവാദിത്തം. തൊഴില്‍ നഷ്ടപ്പെട്ടവരെ തെരഞ്ഞെടുക്കാന്‍ കമ്പനികള്‍ തയ്യാറല്ല. ഇതോടെ തൊഴില്‍ പാക്കേജും പാളി. മുപ്പത് ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്ക്. കൃത്യമായ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിന് 34 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്ലാം പഴയ പദ്ധതികള്‍ക്കായി. പ്രവാസികളുടെ കണക്കില്‍ നേട്ടം കൊയ്യുന്നവരാണ് നോര്‍ക്ക റൂട്ട്‌സ് ഓഫീസ് ജീവനക്കാര്‍. മാറി വരുന്ന സര്‍ക്കാരുകള്‍ നിയമിക്കുന്നവര്‍. പാര്‍ട്ടിയില്‍ സ്വാധീനമുള്ളവര്‍ ജീവനക്കാരാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.