വിജയിച്ചത് സുഷമയുടെ യത്‌നം

Tuesday 9 August 2016 10:41 pm IST

ന്യൂദല്‍ഹി: സൗദി പ്രശ്‌നം പരിഹരിക്കാനുള്ള കേന്ദ്ര ദൗത്യം വിജയത്തിലേക്ക്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി വി.കെ. സിങ് എന്നിവരുടെ ഇടപെടലാണ് പരിഹാരത്തിനു വഴിതുറന്നത്. സുഷമയ്ക്കു ലഭിച്ച, എണ്ണൂറോളം ഭാരത തൊഴിലാളികള്‍ പട്ടിണിയില്‍ എന്ന ട്വിറ്റര്‍ സന്ദേശമാണ് പ്രശ്‌നം പുറത്തുകൊണ്ടുവന്നത്. വേഗം തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗദിയിലെ ഭാരത കോണ്‍സുലേറ്റിന് സുഷമ നിര്‍ദ്ദേശം നല്‍കി. സന്നദ്ധ സംഘടനകളെക്കൂടി സഹകരിപ്പിച്ച് പതിനയ്യായിരത്തോളം കിലോ ഭക്ഷണം ഒരു ദിവസം കൊണ്ട് 20 ലേബര്‍ ക്യാമ്പുകളിലെത്തിച്ചു. 30 ലക്ഷം വരുന്ന സൗദിയിലെ ഭാരത സമൂഹത്തോടുള്ള മന്ത്രിയുടെ അഭ്യര്‍ത്ഥന ഏവരും ഏറ്റെടുത്തു. സൗദി ഒഗറിലെ പ്രതിസന്ധിയാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയത്. വിദേശകാര്യ മന്ത്രാലയവും സൗദി കോണ്‍സുലേറ്റും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതിനാല്‍ അടിയന്തരമായി ഇടപെടാന്‍ സൗദിയും നിര്‍ബന്ധിതരായി. തൊഴിലാളികളെ മടക്കിയെത്തിക്കുമെന്ന കേന്ദ്ര നിലപാട് അവരെ പ്രതിസന്ധിയിലാക്കി. ഭാരതീയരെ കൊണ്ടുവരാന്‍ വി.കെ. സിങ്ങിനെ അയച്ചതോടെ സൗദി കൂടുതല്‍ വിഷമത്തില്‍. സൗദി തൊഴില്‍ മന്ത്രിയുമായി വി.കെ സിങ് നടത്തിയ ചര്‍ച്ചയില്‍ പരിഹാരവുമായി. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാനും വിമാനങ്ങള്‍ ഏര്‍പ്പെടുത്താനും സൗദി മുന്‍കൈയെടുത്തു. തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി. മടങ്ങുന്നവര്‍ക്ക് നിയമ പരിരക്ഷ. ആനുകൂല്യങ്ങളും ശമ്പളവും കിട്ടാന്‍ നടപടി. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന്, ശുചിത്വം ഉറപ്പുവരുത്തും. ഇഖാമ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഫീസ് ഈടാക്കില്ല, തുടങ്ങിയ കാര്യങ്ങള്‍ സൗദി സമ്മതിച്ചു. നയതന്ത്രരംഗത്ത് വലിയ നേട്ടമാണ് സിങ്ങിന്റെ ഇടപെടലോടെ ഉണ്ടായത്. പ്രശ്‌നം രണ്ടു ദിവസത്തിനകം തീര്‍ക്കണമെന്ന രാജാവ് സല്‍മാന്റെ നിര്‍ദ്ദേശം വന്നത് ഭാരത സര്‍ക്കാരിന്റെ നയതന്ത്ര നീക്കം ഫലപ്രദമെന്നു തെളിയിച്ചു. സുഷമയെ കക്ഷിഭേദമെന്യേ പാലര്‍മെന്റ് അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.