ലളിതയ്ക്ക് കര്‍ക്കടകം പറ്റില്ല

Tuesday 9 August 2016 10:45 pm IST

കൊച്ചി: സംഗീത നാടക അക്കാദമി അധ്യക്ഷയായി നിയമിതയായ കെപിഎസി ലളിത, ജ്യോത്സ്യന്റെ ഉപദേശമനുസരിച്ച്, കര്‍ക്കടകത്തില്‍ ചുമതലയേല്‍ക്കാനാവില്ലെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചു. ചിങ്ങം രണ്ടായ ആഗസ്റ്റ് 18 ന് അവര്‍ ചുമതലയേല്‍ക്കും. ഉപാധ്യക്ഷന്‍ സേവ്യര്‍ പുല്‍പ്പാടും സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായരും ഇന്നു ചുമതലയേല്‍ക്കും. സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖനും ഉപാധ്യക്ഷ ഡോ. ഖദീജാ മുംതാസും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ചേരിത്തല്ലില്‍ പെട്ട് സെക്രട്ടറിയെ തീരുമാനിച്ചില്ല. ചെറുകാടിന്റെ മകന്‍ കെ.പി. മോഹനനാണ് പുതിയ സെക്രട്ടറി. ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ്, പ്രഭാകരന്‍ പഴശ്ശി എന്നിവരുടെ പേരുകള്‍ ഭിന്നചേരികള്‍ ഉയര്‍ത്തിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.എം.വി. നാരായണന്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ആയേക്കും. അക്കാദമികളുടെ ജനറല്‍ കൗണ്‍സില്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ ആരായിരിക്കണം എന്ന കാര്യത്തിലും ചേരിപ്പോരു തുടരുന്നു. ഗുരുവായൂരപ്പന്റെ ഭക്തയാണ്, കെ.ആര്‍. ഗൗരിയമ്മയെപ്പോലെ, ലളിതയും; ലളിതയെ നാടകത്തില്‍ കൊണ്ടുവരികയും അവരുടെ ജീവിതത്തില്‍ നിഴല്‍ പരത്തി നില്‍ക്കുകയും ചെയ്ത തോപ്പില്‍ ഭാസി, പാര്‍ട്ടിയില്‍ നിന്നകന്ന്, ഭാരതീയതയിലേക്കു തിരിഞ്ഞിരുന്നു. ശൂദ്രകന്റെ 'മൃച്ഛകടികം' എന്ന സംസ്‌കൃത നാടകം അദ്ദേഹം കെപിഎസിയിലൂടെ അരങ്ങിലെത്തിച്ചു; 'പാഞ്ചാലി' എന്ന നാടകവും എഴുതി. ഭരതന്റെ 'നാട്യശാസ്ത്ര'ത്തില്‍ നിന്നുള്ള ഉദ്ധരണികളാല്‍ സമൃദ്ധമാണ്, അദ്ദേഹത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ, 'ഒളിവിലെ ഓര്‍മകള്‍ക്കുശേഷം.' താനും വയലാര്‍ രാമവര്‍മയും ഒഎന്‍വി കുറുപ്പും പാര്‍ട്ടി സഹായം കൊണ്ടല്ല എഴുത്തുകാരായതെന്നും ബാല്യത്തിലെ സംസ്‌കൃത പഠനമാണ് അതിന് സഹായിച്ചതെന്നും, ഭാസി ഇതില്‍ തുറന്നു പറയുന്നുണ്ട്. ആ വൈരുദ്ധ്യാത്മക ആത്മീയ വാദത്തിന്റെ പാതയിലാണ്, ലളിതയും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.