കുപ്പിവെള്ള നിരോധനം; ദാഹജലം കിട്ടാതെ അയ്യപ്പന്മാര്‍

Tuesday 9 August 2016 11:01 pm IST

തിരുവനന്തപുരം: ശബരിമലയില്‍ കുപ്പിവെള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ദാഹജലം കിട്ടാതെ അയ്യപ്പഭക്തര്‍. കോള കമ്പനികള്‍ക്ക് കൊയ്ത്തുകാലമാണ്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പമ്പയിലും ശബരിമലയിലും വിലക്ക്. പരിസ്ഥിതി സംരക്ഷണത്തിന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും വില്‍പ്പന തുടര്‍ന്നതോടെ വനം വകുപ്പ് കുപ്പിവെള്ള കമ്പനികള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമെതിരെ നടപടി സ്വീകരിച്ചു. ഇതോടെ ദേവസ്വം ബോര്‍ഡ് കുപ്പിവെള്ള വില്‍പ്പനയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ സീസണ്‍ അല്ലാത്ത സമയത്ത് എത്തുന്നവര്‍ ദാഹജലത്തിന് നന്നേ ബുദ്ധമുട്ടുന്നു. ചൂടു വെള്ളം വേണമെങ്കില്‍ പമ്പയിലെ ഹോട്ടലുകളില്‍ നിന്ന് ചായ കുടിക്കണം. ഗണപതി കോവില്‍ കഴിഞ്ഞാല്‍ ദാഹജലം ലഭ്യമല്ല. മലകയറുമ്പോള്‍ കുടിവെള്ളം വേണമെങ്കില്‍ പെപ്‌സി വാങ്ങണം. അപ്പാച്ചിമേട്ടില്‍ അയ്യപ്പസേവാ സംഘം ചുക്കുവെള്ളം നല്‍കുന്നുണ്ടെങ്കിലും രാത്രിയില്‍ വെള്ളം വിതരണമില്ല. സന്നിധാനത്തെ സ്ഥിതിയും ഇതു തന്നെ. ചുക്കുവെള്ളം വിതരണം ചെയ്യാന്‍ ബോര്‍ഡിന് എളുപ്പത്തില്‍ സാധിക്കുമെങ്കിലും സംവിധാനം ഇല്ല. മാസപൂജകള്‍ക്ക് എത്തുന്ന വിവിഐപികള്‍ക്ക് ബോര്‍ഡ് സ്വന്തം ചെലവില്‍ ഭക്ഷണം നല്‍കുന്നുണ്ട്. മണ്ഡല - മകരവിളക്ക് കാലത്ത് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തും സൗജന്യ ചുക്കുവെള്ളം വിതരണമുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിന് നല്ല തണുപ്പാണ്. കുടിക്കാന്‍ പറ്റില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.