തൊഴിലാളി നഷ്ടപരിഹാര ബില്‍ ലോക്‌സഭ പാസാക്കി

Tuesday 9 August 2016 11:15 pm IST

ന്യൂദല്‍ഹി: തൊഴിലാളി നഷ്ടപരിഹാര ബില്‍ ലോക്‌സഭ അംഗീകരിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അവതരിപ്പിച്ച ബില്ലില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളുണ്ട്. തര്‍ക്കങ്ങളില്‍ പെട്ട് കോടതികളിലുള്ള കേസുകളില്‍ ശമ്പളം തടഞ്ഞുവെയ്ക്കാനുള്ള ലേബര്‍ കമ്മീഷണറുടെ അധികാരം പുതിയ നിയമത്തോടെ ഇല്ലാതാകും. തൊഴില്‍ തര്‍ക്കത്തില്‍ കോടതിയെ സമീപിക്കാന്‍ കുറഞ്ഞത് പതിനായിരം രൂപയുടെയെങ്കിലും തര്‍ക്കമായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത് മുന്നൂറ് രൂപയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി ബില്‍, ട്രാന്‍സ്‌ജെന്റര്‍ അവകാശ സംരക്ഷണ ബില്‍ എന്നിവയും ഇന്നലെ ലോക്‌സഭ ചര്‍ച്ച ചെയ്തു. കേന്ദ്രകാര്‍ഷിക സര്‍വ്വകലാശാല ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കക്ഷി നേതാവ് ഗുലാം നബി ആസാദ് കശ്മീര്‍ വിഷയത്തില്‍ ഇന്നലെ രാജ്യസഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ടു. ശൂന്യവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡപ്യൂട്ടി സ്പീക്കര്‍ നിരാകരിച്ചു. വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകി രാജ്യസഭ മാനസികാരോഗ്യ സംരക്ഷണ ബില്‍ പാസാക്കിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ശ്രമം ക്രിമിനല്‍ കുറ്റകരമായി കണക്കാക്കുന്നത് അവസാനിപ്പിക്കുന്ന പുതിയ ബില്ലില്‍ ആത്മഹത്യാ ശ്രമം നടത്തുന്നവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താനും നിര്‍ദ്ദേശിക്കുന്നുണ്ട്. മനുഷ്യത്വപരവും പുരോഗമന പരവുമായ നിയമമാണിതെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. ലോക്‌സഭ കൂടി ബില്‍ പാസാക്കിയാല്‍ ആത്മഹത്യാശ്രമം ക്രിമിനല്‍ കേസല്ലാതെ മാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.