ദേശീയ വിരവിമുക്ത ദിനാചരണം: കുട്ടികള്‍ക്ക് ആല്‍ബന്റസോള്‍ ഗുളിക നല്‍കും

Wednesday 10 August 2016 10:24 am IST

കോഴിക്കോട്: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഇന്ന് കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക. സ്‌കൂളുകളിലും, അംഗന്‍വാടികളിലൂടെയുമാണ് സൗജന്യമായി ഗുളികകള്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 1396 സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും 1657 അംഗന്‍വാടികളിലേയും ഡേ കെയര്‍ സെന്ററുകളിലേയുമടക്കം 8,51,967 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുന്നത്. ഈ സ്ഥാപനങ്ങളിലൊന്നും രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളെ ആശാ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കും. കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും, വൃത്തിയില്ലാത്തതും, പാചകം പെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷിക്കുന്നതിലൂടെയുമാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ച, പോഷണ ക്കുറവ്, തളര്‍ച്ച, വിശപ്പില്ലായ്മ, എന്നിവക്ക് കാരണമാകുന്നു. വിരബാധിതരായ കുട്ടികളില്‍ ശാരീരികവും, മാനസികവുമായ വികാസവൈകല്യം ഉണ്ടാകുന്നു. ഇത് ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തിലൊരിക്കല്‍ ആല്‍ബന്റസോള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടി നടത്തിപ്പിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വകുപ്പ് തലവന്‍മാര്‍, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ തലത്തിലും ജനപ്രതിനിധകള്‍, സ്‌കൂള്‍ അധികൃത ഐസിഡിഎസ് പ്രവര്‍ത്തകര്‍ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് തലത്തിലും പരിശീലനം നല്‍കി. ഉച്ചക്ക് ഭക്ഷണ ശേഷമാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കുക. ചവച്ചരച്ചാണ് ഗുളികകള്‍ കഴിക്കേണ്ടത്. ചെറിയ കുട്ടികള്‍ക്ക് വെള്ളത്തില്‍ ലയിപ്പിച്ച് കൊടുക്കണം. പരിപാടിയുടെ ഉദ്ഘാടനം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍. സരിത, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എസ്എന്‍. രവികുമാര്‍, പ്രൊഫ. ഉമ്മര്‍ ഫാറൂഖ്, എ.പി. മണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.