ആ​ത്മ​ഭ​ക്തി​യു​ടെ​ ശ​ക്തി

Wednesday 10 August 2016 7:40 pm IST

ആചാരാനുഷ്ഠാനങ്ങളിലൂടെയല്ല, മറിച്ച് ആത്മീയമായ ഭക്തിയിലൂടെയാണ് ഈശ്വര ചൈതന്യം പ്രാപ്തമാകുന്നത്. തപസ്സും, പൂജാദികര്‍മ്മങ്ങളും ഈശ്വരനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള പല പല മാര്‍ഗ്ഗങ്ങളില്‍ ചിലത് മാത്രമാണ്. ഏകാഗ്രമായ ഈശ്വര വിശ്വാസമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും എവിടെയായാലും ഈശ്വരാനുഗ്രഹമുണ്ടാകും. അരുന്ധതീ ദേവിയുടെ കഥ അതിന് ഉത്തമോദാഹരണമാണ്. കര്‍ദ്ദമ പ്രജാപതിയുടേയും, ദേവഹൂതിയുടേയും ഓമന പുത്രി കുട്ടിക്കാലം മുതല്‍ക്കേ കുലീനയും ശാന്ത പ്രകൃതയും, ഉത്തമ ഭക്തയും ആയിരുന്നു. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളോടും അവള്‍ കാരുണ്യപൂര്‍വ്വം പെരുമാറി. ബാലികയുടെ ശീല ഗുണങ്ങളില്‍ മാതാപിതാക്കളും, ഗുരു ജനങ്ങളും അത്യധികം സന്തുഷ്ടരായിരുന്നു. അതിനാല്‍ 'യാതൊരു കാരണവശാലും ധര്‍മ്മത്തെ രോധിക്കുകയില്ല' എന്ന അര്‍ത്ഥത്തില്‍ അവര്‍ ആ ബാലികയെ 'അരുന്ധതി' എന്ന് നാമകരണം ചെയ്തു. യുവതിയായപ്പോഴേക്കും തേജസ്വിനിയായ അരുന്ധതി വേദ പുരാണങ്ങളെല്ലാം സ്വായത്തമാക്കി കീര്‍ത്തി നേടി. ബ്രഹ്മപുത്രനും, സപ്തര്‍ഷിമാരില്‍ പ്രമുഖനുമായ വസിഷ്ഠനുമായി അരുന്ധതിയുടെ വിവാഹം നടന്നു. സര്‍വ്വഋതുക്കളിലും വര്‍ണ്ണ മനോഹരമായ പുഷ്പങ്ങള്‍ പൂത്തുലയുന്ന ഒരു രമണീയാരണ്യത്തില്‍ ആ ദമ്പതികള്‍ ഒരു പുണ്യാശ്രമം നിര്‍മ്മിച്ചു. ജ്ഞാന വൈരാഗ്യാദിബോധത്താല്‍ ലോകാരാദ്ധ്യരായ ആ താപസ ദമ്പതിമാരില്‍ നിന്നും വിദ്യ അഭ്യസിക്കുവാനായി ധാരാളം ശിഷ്യന്മാര്‍ വന്നെത്തി. ശീലഗുണവും, രൂപഗുണവും, ഔദാര്യവും, ക്ഷമയും ഒത്തു ചേര്‍ന്ന ആ തപോധന ആശ്രമവാസികളായ ശിഷ്യന്മാരെയും, പക്ഷിമൃഗാദികളെയും സ്വന്തം സന്താനങ്ങളെപ്പോലെ പരിപാലിച്ചു. ഭിക്ഷുക്കള്‍ക്കും, അതിഥികള്‍ക്കും അന്നപാനീയങ്ങള്‍ നല്‍കി സത്ക്കരിക്കുന്നതില്‍ ആ തപസ്വിനി ബദ്ധശ്രദ്ധയായിരുന്നു. പതിവ്രതാ രത്‌നമെന്ന് പുകള്‍പെറ്റ അരുന്ധതി ദേവി ബ്രഹ്മ തേജസ്വിയായ മൈത്രാ വരുണനൊപ്പം (വസിഷ്ഠന്‍) ആശ്രമ മര്യാദകള്‍ പാലിച്ച് ജീവിച്ചു. അങ്ങനെയിരിക്കെ ആ ദേശത്ത് അനാവൃഷ്ടിയുണ്ടായി. നീരുറവകള്‍ വറ്റി. വൃക്ഷലതാദികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. അവിടം മരുഭൂമി പോലെ ശൂന്യ പ്രദേശമായി. ആ സമയത്താണ് സപ്തര്‍ഷികള്‍ ഘോര തപസ്സിനായി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. ആത്മത്യാഗിനിയും, പരോപകാരിണിയുമായ അരുന്ധതി അവര്‍ക്കൊപ്പം പോയില്ല. തന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ജീവിക്കുന്ന ആശ്രമവാസികളെ ഉപേക്ഷിക്കുവാന്‍ ദേവിക്ക് മനസ്സു വന്നില്ല. വരള്‍ച്ച കൂടുതല്‍ രൂക്ഷമായി.ആ തപോവനം മരുഭൂമി പോലെ ശൂന്യ പ്രദേശമായി. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടായപ്പോള്‍ ശിഷ്യന്മാര്‍ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി. പര്‍ണ്ണശാലയില്‍ ഏകാകിനിയായ അരുന്ധതി ദേവി ഈശ്വര നാമം ഉരുവിട്ടുകൊണ്ട് ദിനങ്ങള്‍ തള്ളി നീക്കി. കടുത്ത ഏകാന്തതയും, വിശപ്പും സഹിക്കേണ്ടി വന്നിട്ടും ആ തപോധന ഈശ്വരവിശ്വാസം കൈവിട്ടില്ല. ആ യോഗിനി കര്‍മ്മ വിമുഖയാകാതെ പ്രാര്‍ത്ഥനാ നിരതയായി ജഗന്നാഥനെ പൂജിച്ചു. ആരും തുണയില്ലാത്തവര്‍ക്ക് ഭഗവാന്‍ തന്നെ തുണ എന്ന് ഉറച്ച് വിശ്വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം എവിടെ നിന്നോ ഒരു ബാലന്‍ ആശ്രമത്തില്‍ വന്നെത്തി. സര്‍വ്വ ശാസ്ത്ര വിശാരദനായ വസിഷ്ഠ ഗുരുവില്‍ നിന്ന് വിദ്യ സ്വായത്തമാക്കുക എന്നതാണ് തന്റെ ആഗമനോദ്ദേശ്യമെന്ന് ആ കുമാരന്‍ വെളിപ്പെടുത്തി. ഗുരു തീര്‍ത്ഥാടനത്തിനായി പോയിരിക്കയാണെന്ന് ദേവി അറിയിച്ചു. ജ്ഞാനാര്‍ത്ഥിയായ ബാലന് താന്‍ വിദ്യ പകര്‍ന്നു നല്‍കാമെന്ന് ഗുരു പത്‌നി പറഞ്ഞു. ബാലന്‍ സസന്തോഷം അരുന്ധതി ദേവിയുടെ ശിഷ്യത്വം സ്വീകരിച്ചു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.