ചെറുതോണി: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും കാല്‍നടയാത്രക്കാരിലും റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്നു വാഹനങ്ങളും തകര്‍ന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ചെറുതോണി ആലിന്‍ചുവടിലാണ് സംഭവം. ഇടുക്കി ഭാഗത്തുനിന്നും ചെറുതോണിക്കു വരികയായിരുന്ന കാറാണ് അപകടം സൃഷ്ടിച്ചത്. കാറിന് മുന്നിലായി ഇതേ ദിശയില്‍ പോയിരുന്ന ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചതോടെ നിയന്ത്രണം വിട്ടകാര്‍ കാല്നടയാത്രക്കാരിയെയും റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന നാരകക്കാനം കല്ലുംകൂട്ടത്തില്‍ റോയി (40), കാല്‍നടയാത്രക്കാരി അംഗന്‍വാടി അധ്യാപികയായ ഇടുക്കി ഗാന്ധിനഗര്‍ സ്വദേശി മുല്ലത്തുവളപ്പില് കെ ഇ ഐഷ (44), ഓട്ടോറിക്ഷ ഡ്രൈവര്‍ വാഴത്തോപ്പ്-മംഗലംകവല സ്വദേശി നെല്ലിപ്പുഴയില്‍ മാത്യു (47) എന്നിവര്‍ക്ക് പരിക്കേറ്റു. മൂവരെയും ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷക്കുശേഷം ഗുരുതരമായി പരിക്കേറ്റ ഐഷയെ തൊടുപുഴയിലെ സ്വകാര്യ ആഴുപത്രിയിലും, മാത്യുവിനെ അടിമാലി ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: