ബിഎംഎസ് നേതാവിന്റെ വധം: ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ കുടുങ്ങും ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Wednesday 10 August 2016 10:36 pm IST

പയ്യന്നൂര്‍: ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി അന്നൂരിലെ ടി.സി.വി.നന്ദകുമാറിനെ കേസന്വേഷിക്കുന്ന പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രാമചന്ദ്രന്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന പരാതി ആദ്യഘട്ടം തൊട്ട് ഉയര്‍ന്നിരുന്നു. നേരത്തെ കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും നേതൃത്വത്തിന്റെ അറിവോടെയും തീരുമാനപ്രകാരവുമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ നന്ദകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുളളില്‍ വളരെ ആസൂത്രിതമായി രാമചന്ദ്രനെ കൊലപ്പെടുത്തുകയും ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരം പയ്യന്നൂര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് സിപിഎം സംഘം അക്രമിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വളരെ ആസൂത്രിതമായാണ് നടന്നത് എന്നതിനാല്‍ തന്നെ കൊലപാതകവും മുന്‍കൂട്ടി തീരുമാനിച്ച് നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന ഉറച്ച നിഗമനത്തിലാണ് പോലീസ്. മുഖ്യ പ്രതിയായ നന്ദകുമാര്‍ ഡിവൈഎഫ്‌ഐ വെളളൂര്‍ വെസ്റ്റ് മേഖലാ കമ്മറ്റി സെക്രട്ടറിയും ബ്ലോക്ക് കമ്മറ്റി അംഗവും സിപി.എം അന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. 2013 ല്‍ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ സി.എം.വിനോദ് കുമാര്‍ വധകേസിലെ രണ്ടാം പ്രതിയായ ഇയാള്‍ ഒരു വര്‍ഷം മുമ്പ് പയ്യന്നൂര്‍ എസ്‌ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരേ ബോംബെറിഞ്ഞ കേസിലും കോണ്‍ഗ്രസ്സ് നേതാവ് എ.പി.നാരായണന്റെ വീടാക്രമിച്ച കേസിലും നന്ദകുമാര്‍ പ്രതിയാണ്. സി.കെ.രാമചന്ദ്രന്‍ കൊലപാതക കേസ്സില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പതിനൊന്നിനാണ് ബിഎംഎസ് മേഖലാ സെക്രട്ടറി സി.കെ.രാമചന്ദ്രനെ അന്നൂരിലെ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.