യുവമോര്‍ച്ച ദേശരക്ഷാ ജ്വാല സംഘടിപ്പിച്ചു എല്‍ഡിഎഫ് ഭരണകൂടം ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി.കെ.സജീവന്‍

Wednesday 10 August 2016 10:58 pm IST

കണ്ണൂര്‍: 'ഭീകരവാദികള്‍ ഇന്ത്യ വിടുക, അവരെ പിന്തുണക്കുന്നവരും' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്നലെ ദേശരക്ഷാ ജ്വാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐഎസിലേക്ക് നിരവധി ചെറുപ്പക്കാര്‍ റിക്രൂട്ട് ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടും കേരളത്തിലെ എല്‍ഡിഎഫ് ഭരണകൂടം ഭീകരവാദികള്‍ക്കും സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ക്കും ഒത്താശ ചെയ്യുന്ന നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് ദേശരക്ഷാ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രത്യക്ഷമായ തെളിവാണ് കേസുകള്‍ വേണ്ട രീതിയില്‍ രജിസ്ട്രര്‍ ചെയ്യാന്‍ തയ്യാറാവാത്തതും എന്‍ഐഎക്ക് കൈമാറാന്‍ വൈമനസ്യം കാണിക്കുന്നതും. എല്ലാ കാലത്തും ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കൈക്കൊണ്ടിട്ടുളളത്. ഇത്തരം നിലപാടാണ് കേരളം ഇന്ന് ഭീകരവാദികളുടെ തുരുത്തായി മാറാന്‍ കാരണമായത്. സംഘപരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നല്‍കിയ മുന്നറിയിപ്പുകള്‍ കേരളത്തിലെ ഭരണ കൂടങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയടക്കമുളള സംഘപ്രസ്ഥാനങ്ങള്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വസ്തുതകള്‍ സത്യമാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണ്. ഗുരുതരമായ വിഷയങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിന് പകരം ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള യുവജന സംഘടനകള്‍ മുദ്രാവാക്യം വിളിക്കാന്‍ ആളെ കൂട്ടാനും വോട്ടുബാങ്കിനു വേണ്ടിയും പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. എന്നാല്‍ യുവമോര്‍ച്ചയാവട്ടെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ കാലങ്ങളായി സ്വീകരിച്ചു വരികയാണ്. കേരളം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ഐഎസ് ഭീകരന്മാരുടെ കരിനിഴലിലാണ് സംസ്ഥാനമെന്നതാണ്.കാലങ്ങളായി സംസ്ഥാനത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടി ഇത്തരം കേസുകള്‍ അട്ടിമറിക്കുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി കൂടിവരികയാണ്. എന്നാല്‍ തൃക്കരിപ്പൂരിലും കാസര്‍കോടും 16ഓളം പേര്‍ രാജ്യവിട്ട് ഐഎസ് വഴി സിറിയയില്‍ എത്തിയിട്ടും നമ്മുടെ സംസ്ഥാനത്തെ ഇന്റലിജന്‍സ് ഇതൊന്നും അറിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കേണ്ടി വന്നു കേസെടുക്കാന്‍. എന്നിട്ടും മുഖ്യമന്ത്രിയെപോലുളളവര്‍ ന്യായീകരണവുമായി രംഗത്തു വരുന്ന സ്ഥിതിയാണ് കേരളത്തിലുളളത്. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയുടെ അകത്തളങ്ങളില്‍ ഇസ്ലാമിക സ്‌റ്റേറ്റ്‌സിന്റെ വിത്തുകള്‍ പാകി കഴിഞ്ഞു. ഈ വിത്തുകള്‍ നശിപ്പിക്കുകയാണ് ഭരണകൂടത്തിന്റെയും രാജ്യ സ്‌നേഹികളുടേയും കടമയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീകരവാദ ശക്തികളെ പ്രതിരോധിക്കാന്‍ സമൂഹം ഒന്നാകെ മുന്നോട്ടു വരണം. ഇടതു-വലത് മുന്നണികളുടെ ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രങ്ങള്‍ അധികകാലം ഇനി കേരളത്തില്‍ വില പോവില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാണിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.പി.ശിഖ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍, സെക്രട്ടറി ലസിത പാലക്കല്‍, അഖില തുടങ്ങിയവര്‍ സംബന്ധിച്ചു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.രതീഷ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ദേശരക്ഷാ ജ്വാലയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.