തിരുവനന്തപുരം : ട്രാൻസ്പോർട്ട് കമ്മിഷ്ണർ ടോമിൻ ജെ. തച്ചങ്കരിയുടെ ജന്മദിനം സംസ്ഥാനത്തുടനീളമുള്ള ആർടി ഓഫീസുകളിൽ കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം. ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദിന് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ആർടി ഓഫസുകളിലെല്ലാം കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മിഷ്ണർ ടോമിൻ ജെ തച്ചങ്കരിയുടെ പിറന്നാൾ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷിച്ചിരുന്നു. വകുപ്പിലുള്ളവരെല്ലാം തന്റെ സഹോദരീ സഹോദരന്മാരാണെന്നും അതിനാലാണ് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷിച്ചതെന്നാണ് തച്ചങ്കരി അറിയിച്ചത്.
എറണാകുളത്ത് സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്. ഇതിനു പുറമെ തന്റെ പിറന്നാൾ ആഘോഷിക്കണണെന്നാവശ്യപ്പെട്ട് തച്ചങ്കരി എല്ലാ ആർടിഓഫീസുകൾക്കും സർക്കുലർ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: