മാറാട് കൂട്ടക്കൊല : അന്വേഷണത്തിന് സിബിഐ തയ്യാര്‍

Thursday 11 August 2016 12:08 pm IST

കൊച്ചി: മാറാട് കൂട്ടക്കൊല കേസില്‍ പതിറ്റാണ്ടായി തുടരുന്ന നയം സിബിഐ മാറ്റി. കേസിലെ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബി‌ഐ ഹൈക്കോടതിയെ അറിയിച്ചു. ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ പ്രതികരണമറിയിച്ചാണ് നിലപാട്. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഡാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുളളതിനാലും കേസ് ഏറ്റെടുക്കാൻ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ൽത്തന്നെ സിബിഐ അന്വേഷാണാവശ്യം ഉയർന്നെങ്കിലും അന്നത്തെ യു‍ഡിഎഫ് സർക്കാർ സമ്മതിച്ചിരുന്നില്ല. സിബിഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴുക്കിയ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി എത്തിയത് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ പിണറായി വിജയന്‍ 2012 ജൂണ്‍ 23 ന് അസന്നിഗ്ദമായി വ്യക്തമാക്കിയത് മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കേണ്ടതില്ലെന്നാണ്. പിന്നീട് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാതെ മറ്റു ഗതിയില്ലാതെ വന്നു. എന്നാല്‍ അന്ന് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലൂടെ കേന്ദ്രസര്‍ക്കാരും സിപിഎം നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ഒത്തൊരുമിച്ച് സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കുകയാണുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.