ജഗദ് ഗുരുവിന്റെ​ അനുഗ്രഹം

Thursday 11 August 2016 7:17 pm IST

വിശപ്പിനാലും, ദീർഘയാത്രയാലും ക്ഷീണിച്ചു വലഞ്ഞ ബാലന് ഭക്ഷണം നൽകാനാവാത്തതിൽ ദേവി അതിയായി ദുഃഖിച്ചു. ഒഴിഞ്ഞ പാത്രങ്ങളല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. നിരാശയായ ദേവി ആശ്രമ പരിസരമാകെ പരതി നടക്കുന്നതിനിടയിൽ കുറച്ച് ഇലന്ത ക്കായകൾ (ലന്തക്കായകൾ) ലഭിച്ചു. ദേവിയത് പാകം ചെയ്യാൻ തുടങ്ങി.ഭക്ഷണം പാകമാകുന്നതിനുള്ള ഇടവേളയിൽ തനിക്ക് വിദ്യ പ്രദാനം ചെയ്യണമേയെന്ന് കുമാരൻ ദേവിയോട് അഭ്യർത്ഥിച്ചു. ദേവി സസന്തോഷം ബാലന് ശിഷ്യത്വം നൽകിയ ശേഷം വിദ്യാദാന കർമ്മം ആരംഭിച്ചു. ദിനങ്ങളും, ഋതുക്കളും കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. വിദ്യ അഭ്യസിപ്പിക്കുന്നതിൽ വ്യാപൃതയായ ദേവി അതൊന്നും അറിഞ്ഞതേയില്ല. തനിക്കറിയാവുന്ന ജ്ഞാനമെല്ലാം ഗുരുനാഥ ശിഷ്യന് പകർന്നു നൽകി. പാഠങ്ങൾ അതിവേഗം ഹൃദിസ്ഥമാക്കുന്ന തന്റെ ശിഷ്യന്റെ സാമർത്ഥ്യം ഗുരുനാഥയെ സന്തുഷ്ടയാക്കി. ഗുരുനാഥ ഉരുവിടുന്ന പാഠങ്ങളെല്ലാം ശിഷ്യൻ അതിവേഗം മന:പാഠമാക്കിക്കൊണ്ടിരുന്നു. ഉത്തമനായ ശിഷ്യനെ ലഭിച്ചതിൽ ദേവി അത്യധികം സന്തോഷിച്ചു. തനിക്കറിയുള്ളതെല്ലാം പഠിപ്പിച്ചു കഴിഞ്ഞുവെന്ന് ദേവി കുമാരനോട് പറഞ്ഞു. വിദ്യ അനന്തമാണെന്നും, തന്റെ പൂർവ്വജന്മങ്ങളിൽ താൻ നേടിയതിനേക്കാൾ മഹത്തരമായ വിദ്യയാണ് അരുന്ധതി ദേവിയിൽ നിന്നും സ്വായത്തമാക്കിയതെന്നും ബാലൻ പറഞ്ഞു. തന്റെ ശിഷ്യൻ അസാധാരണനാണെന്ന് മനസ്സിലാക്കിയ ദേവി ബാലൻ ഇതിനു മുൻപ് പ്രാപ്തമാക്കിയ വിദ്യ തനിക്കും ഉപദേശിച്ചു തരണമെന്ന് അഭിപ്രായപ്പെട്ടു. 'ഗുരുവിന് ശിഷ്യൻ അറിവു പകർന്നു നൽകാമോ? സൂര്യരശ്മി സൂര്യനെ ജ്വലിപ്പിക്കുവാനായി പിൻതിരിയുമോ?' എന്ന് ആ ശിഷ്യൻ സംശയം ഉന്നയിച്ചു. വിദ്യ ആരിൽ നിന്നും അഭ്യസിക്കാമെന്നും, അമൂല്യമായ വിദ്യ സ്വായത്തമാക്കാൻ ഭേദചിന്ത പാടില്ല എന്നും ദേവി മറുപടി പറഞ്ഞു. അങ്ങനെ ആ കുരുന്ന് ബാലൻ അരുന്ധതി ദേവിക്ക്, താൻ മുൻപ് കരസ്ഥമാക്കിയ ജ്ഞാനമെല്ലാം പകർന്നു നൽകി. അതീവ ശ്രദ്ധയോടെ ബാലന്റെ മൊഴിമുത്തുകൾ ശ്രവിക്കുന്നതിൽ മുഴുകിപ്പോയ അരുന്ധതി ദേവി വർഷങ്ങൾ കടന്നു പോകുന്നതൊന്നും അറിഞ്ഞതേയില്ല. വസിഷ്ഠ മഹർഷി ആശ്രമത്തിൽ മടങ്ങിയെത്തിയപ്പോൾ ഗുരു പത്‌നി ഒരേ സമയം തന്റെ ശിഷ്യനും, ഗുരുവുമായ കോമള ബാലനെ പതിക്ക് പരിചയപ്പെടുത്തി. പന്ത്രണ്ടു വർഷത്തെ വരൾച്ച ദേവി എങ്ങനെയാണ് അതിജീവിച്ചതെന്ന് മഹർഷിവര്യൻ അത്ഭുതത്തോടെ ചോദിച്ചു. അപ്പോൾ ബാലന്റെ സ്ഥാനത്ത് തേജോമയനായ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. കഠിനമായ തപസ്സുകൾ അനുഷ്ഠിച്ച സപ്തർഷികളേക്കാൾ കൂടുതൽ തപോബലവും, ഈശ്വരാനുഗ്രഹവും ഗൃഹസ്ഥയായ അരുന്ധതി ദേവി നേടിയതായി നീലകണ്ഠൻ അരുളിച്ചെയ്തു. സ്ത്രീയോ, പുരുഷനോ, ബാലനോ വൃദ്ധനോ ഏവർക്കും ഈശ്വര സാക്ഷാത്കാരം സാധ്യമാണെന്നും, സകലരും പരബ്രഹ്മത്തിനു മുന്നിൽ തുല്യരാണെന്നും ദേവദേവൻ താപസ ദമ്പതിമാരോട് അരുളിചെയ്തു. ഇഷ്ട വരം ആവശ്യപ്പെടുവാൻ കൈലാസപതി ആവശ്യപ്പെട്ടു.പ്രകൃതിയെയും, സർവ്വ ചരാചരങ്ങളെയും കൊടും വരൾച്ചയിൽ നിന്നും സംരക്ഷിക്കണമെന്ന് അരുന്ധതി ദേവി അപേക്ഷിച്ചു. ഇഷ്ട വരം പ്രദാനം ചെയ്ത ജഗദ് ഗുരു അവരിരുവരെയും അനുഗ്രഹിച്ചാശീർവദിച്ച ശേഷം  അപ്രത്യക്ഷനായി. പൂത്തുലഞ്ഞ പർണ്ണശാലയിൽ ജീവിതം സാർത്ഥകമാക്കിയ ആ തപോനിധികൾ വീണ്ടും സസന്തോഷം പരോപകാര തത്പ്പരരായി ജീവിതം നയിച്ചു.   അവസാനിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.