സാനിയയുമായുള്ള വേര്‍പിരിയല്‍; ഇന്‍സ്റ്റഗ്രാമില്‍ കാരണം വ്യക്തമാക്കി ഹിംഗിസ്

Thursday 11 August 2016 7:33 pm IST

റിയോ ഡി ജനീറോ: ടെന്നീസ് വനിതാ ഡബിള്‍സിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സാനിയാ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം. ഇരുവരെയും ചേര്‍ത്ത് ആരാധകര്‍ സാന്റീന എന്നുവരെ വിളിച്ചു. മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളും 11 ഡബ്ല്യു ടി എ കിരീടങ്ങളും ഇരുവരും ചേര്‍ന്ന് നേടുകയും ചെയ്തു. സാനിയയുമായി വഴി പിരിയുകയാണെന്ന് അടുത്തിടെ ഹിംഗിസ് പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിനുള്ള കാരണം വ്യക്തമാക്കി ഹിംഗിസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പോസ്റ്റിലൂടെയാണ് സാനിയയുമായി വേര്‍പിരിയാനുള്ള കാരണം ഹിംഗിസ് വ്യക്തമാക്കുന്നത്. ഞാനും സാനിയയുടെ കൂടി മൂന്ന് ഗ്രാന്‍സ്ലാമുകളും പതിനൊന്ന് 11 ഡബ്ല്യു ടി എ കിരീടങ്ങളും നേടി. ഇതോടെ ഞങ്ങളില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. എന്നാല്‍ സമീപകാലത്ത് നടന്ന ചില ടൂര്‍ണമെന്റുകളില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ക്കായില്ല. അതുകൊണ്ടാണ് വ്യത്യസ്ത പങ്കാളികളുടെ കൂടെ മത്സരിക്കാനുള്ള തീരുമാനം എടുത്തത്. ഇത് തികച്ചു പ്രഫഷണലായ തീരുമാനമായിരുന്നു. ഇത് ഞങ്ങളുടെ വ്യക്തിപരമായ സ്‌നേഹബന്ധത്തെ ഒരിക്കലും ബാധിക്കില്ല. ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യു ടി എ കിരീടപ്പോരാട്ടത്തില്‍ ഞങ്ങള്‍ ഇറങ്ങുന്നുണ്ട്. കിരീടം നിലനിര്‍ത്താനായി. ഞങ്ങളുടെ വേര്‍പിരിയലിനെച്ചൊല്ലി മാധ്യമങ്ങളിലൂടെ പല കഥകളും പ്രചരിക്കുന്നതിനാലാണ് വിശദീകരണവുമായി രംഗത്തുവന്നതെന്നും ഹിംഗിസ് പറയുന്നു. 2015ലാണ് സാനിയ-ഹിംഗിസ് സഖ്യം ആദ്യമായി ഒരുമിച്ചത്. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടി തുടങ്ങിയ ഇരുവരും ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.