നഴ്സിംഗ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കണം: വി.എസ്

Thursday 11 August 2016 8:28 pm IST

തിരുവനന്തപുരം: നഴ്സിംഗ് മേഖലയിലെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഗവ. നഴ്സിംഗ് കോളേജ് ദിനാചരണം, പുതിയ പരീക്ഷാ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി ഏകദേശം കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും നഴ്സിംഗ് കോഴ്സുകള്‍ പഠിച്ചിറങ്ങുന്നത്. ഈ നഴ്സുമാരില്‍ മഹാഭൂരിപക്ഷത്തിനും സ്വകാര്യ ആശുപത്രികളിലാണ് ജോലിചെയ്യേണ്ടി വരുന്നത്. മരുന്നുകള്‍ക്കും ചികിത്സകള്‍ക്കുമായി വന്‍ തുക ഈടാക്കുന്ന ഇത്തരം ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ന്യായമായ പ്രതിഫലം പോലും നല്‍കാറില്ല. ഇത് പരിഹരിക്കണമെങ്കില്‍ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും വി.എസ്. പറഞ്ഞു. ആതുര ശുശ്രൂക്ഷ ഏറ്റവും പാവനവും മഹത്തരവുമായ ജോലിയാണ്. വിനയവും അര്‍പ്പണ ബോധവും ക്ഷമാശീലവും ഉണ്ടെങ്കിലേ ആതുര ശുശ്രൂക്ഷാ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് മലയാളി നഴ്സുമാര്‍.അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഴ്സിംഗ് മേഖലയില്‍ മലയാളികളോട് ഏറെ താത്പര്യമാണുള്ളതെന്നും വി.എസ്. വ്യക്തമാക്കി. പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് ന്യായമായ സേവന വേതന വ്യവസ്ഥകള്‍ക്കും അതില്‍ ജോലി ചെയ്യേണ്ട സാഹചര്യവും ഒരുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ആരോഗ്യ മേഖലയില്‍ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കിയ നമ്മുടെ പോയകാലം തിരിച്ചു പിടിക്കാനാവുകയുള്ളൂവെന്നും വി.എസ്. പറഞ്ഞു. കോളേജ് മാസികയുടെ പ്രകാശനം പ്രശസ്ത ചലച്ചിത്രതാരം പ്രേംകുമാര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല, പൊതുമരാമത്ത് മുന്‍ അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. ജോണ്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഗസ്റ്റസ് എസ്., വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജു ജോയി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.