മാറാട് കൂട്ടക്കൊല ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ മന്ത്രിയും സിബിഐ അന്വേഷണത്തെ എതിര്‍ത്തു

Thursday 11 August 2016 10:27 pm IST

കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ തുടക്കം മുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും. ഭീകരസംഘടനകളുടെ അതേ നിലപാടായിരുന്നു യുഡിഎഫ് എല്‍ഡിഫ് സര്‍ക്കാരുകള്‍ക്കും. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന   ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും  മാറാട് ജുഡീഷ്യല്‍ കമ്മീഷനുമുന്‍പാകെ  ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം പാടില്ല എന്നായിരുന്നു. 2004 ജൂലൈ 16 നാണ്   പിണറായി കമ്മീഷന്‍ തോമസ് പി. ജോസഫിന് മുമ്പാകെ  സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മൊഴി നല്‍കിയത്.  2003 ലെ സംഭവങ്ങളെ സംബന്ധിച്ച് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്  വളരെ വ്യക്തമായ നിലപാട് സിപിഐ എമ്മിന് നേരത്തെ തന്നെയുണ്ട് എന്നായിരുന്നു മറുപടി. ' അത് സിബിഐ അന്വേഷണം വേണ്ടെന്നാണ്. ഇവിടെ സിബിഐ അന്വേഷണം ആര്‍എസ്എസ് -ബിജെപി എന്നിവരൊക്കെയാണ് ആവശ്യപ്പെട്ടത്'  'സംസ്ഥാനത്തെ പോലീസാണ് ഇത് സംബന്ധിച്ച് അന്വേഷിക്കേണ്ടത്. ആ ഉത്തരവാദിത്വം സിബിഐ യെ ഏല്‍പ്പിക്കുന്നതിനോട് സിപിഐ എമ്മിന് യോജിപ്പില്ല'  പിണറായി മൊഴി നല്‍കി. മറ്റേതെങ്കിലും സംഭവം സിബിഐ അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ സിപിഎം കൗണ്‍സിലര്‍ പ്രസാദ് തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടതില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പിണറായി സമ്മതിച്ചു. മാറാട് സംഭവത്തില്‍ സിപിഎം അംഗങ്ങള്‍ ലോക്‌സഭയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന് ആ വാര്‍ത്ത ശരിയല്ലെന്നും അങ്ങനെയൊരു നിലപാട് സിപിഐഎമ്മിനില്ലെന്നും പിണറായി വ്യക്തമാക്കി. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍  നാടിന്റെ ക്രമസമാധാന ചുമതല സിബിഐയെ ഏല്‍പ്പിച്ച് കൊടുക്കാനാവില്ലെന്നും പിണറായി പറഞ്ഞു. കേസ് അന്വേഷിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും പോലീസ് കുറേ കൂടി ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മൊഴി . മാറാട് കൂട്ടക്കൊലയില്‍  ആരോപണങ്ങള്‍ നേരിട്ട കുഞ്ഞാലിക്കുട്ടിയും സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മൊഴി നല്‍കി. കമ്മീഷനില്‍  ഹാജരായ മറ്റു ലീഗ് നേതാക്കളും സിബിഐ അന്വേഷണത്തെ എതിര്‍ത്തു. കോഴിക്കോട്ടെ പ്രസ് ക്ലബ് ഭാരവാഹികള്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയിലും സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടായിരുന്നു കുഞ്ഞാലിക്കുട്ടി എടുത്തത്. പ്രസ്സ് ക്ലബ് ഭാരവാഹിയായിരുന്ന എന്‍.പി. രാജേന്ദ്രന്‍ ഇക്കാര്യം കമ്മീഷനു മുമ്പാകെ മൊഴി നല്‍കുകയും ചില പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്തിരുന്നു.  കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതിനുശേഷമാണ്  കമ്മീഷന്റെ നിര്‍ദ്ദേശമെന്ന നിലയില്‍  സിബിഐ അന്വേഷിക്കണമെന്നാവശ്യം അന്നത്തെ ഇടതു സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയത്. എന്നാല്‍ അന്വേഷണ ആവശ്യം നിരാകരിച്ചാണ് സിബിഐയും മുന്‍ കേന്ദ്രസര്‍ക്കാറും പ്രതികരിച്ചത്. സിബിഐ അന്വേഷണം നീതി ലഭ്യമാക്കും-കുമ്മനം ന്യൂദല്‍ഹി: മാറാട് കൂട്ടക്കൊലയെപ്പറ്റി അന്വേഷണം നടത്താന്‍ തയ്യാറായ സിബിഐ തീരുമാനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്തു. കേരളത്തിലെ പൊതുസമൂഹം വര്‍ഷങ്ങളായി കാത്തിരുന്ന തീരുമാനമാണിത്. മാറാട് കൊല്ലപ്പെട്ട നിരപരാധികളായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ സിബിഐ അന്വേഷണം വഴി സാധ്യമാകുമെന്നും കുമ്മനം പറഞ്ഞു. മാറാട് കൂട്ടക്കൊല ഭീകരപ്രവര്‍ത്തനമാണ്. ഇതിനായി ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സും സിബിഐ അന്വേഷണ പരിധിയില്‍ വരണം. മാറാട് സംഭവം സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി വലിയ ജനമുന്നേറ്റവും പ്രക്ഷോഭങ്ങളും നടന്നതാണ്. എല്ലാ കോടതികളും ജുഡീഷ്യല്‍ കമ്മീഷനും മാറാട് കൂട്ടക്കൊലയെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനം മൂലം സിബിഐയെ കേസേല്‍പ്പിക്കാന്‍ തയ്യാറായില്ല.  ഇപ്പോള്‍ മാത്രമാണ് സിബിഐ ശരിയായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട നിരപരാധികളായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.