പശ്ചിമഘട്ട സംരക്ഷണം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേന്ദ്രം പരിഗണിക്കുന്നു

Friday 12 August 2016 10:48 am IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അറിയിച്ചു.ആറ് മാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനമിറക്കും. ഇതിനു മുന്‍പ് വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്തും. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനൊപ്പം ഗാഡ്ഗിലും പരിഗണിക്കുന്നുവെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രണ്ട് റിപ്പോര്‍ട്ടുകളാണ് നമുക്ക് മുന്നിലുള്ളത്. ഇതിനെതിരെ പ്രതിഷേധവും നിലവിലുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും വിഷയം വ്യത്യസ്തമാണ്. അതിനാല്‍ പരിഹാരവും വ്യത്യസ്തമാണ്. എല്ലാ വശവും പരിഗണിക്കും. അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനങ്ങളിലെ എംഎല്‍എമാരുമായും മറ്റ് ജനപ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും. പരിഹാരത്തിന് ഇനിയും യോഗം വിളിക്കുമെന്നും അനില്‍ മാധവ് ദവെ വ്യക്തമാക്കി. കേന്ദ്രനിലപാട് പ്രതീക്ഷ പകരുന്നതാണെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് പ്രതികരിച്ചു. ആശങ്കകള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശങ്ക പരിഹരിക്കാന്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി തശ്ശേരി ആര്‍ച്ച് ബിഷപ്പ്് കുര്യാക്കോസ് ഭരണിക്കുളങ്ങര, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ എന്നിവര്‍ പറഞ്ഞു. വിഷയം പ്രധാനമന്ത്രി നന്നായി പഠിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സഭാനേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.