സിപിഎം വിമതര്‍ 17 ന് സിപിഐയില്‍

Friday 12 August 2016 12:25 pm IST

കാസര്‍കോട്: ബേഡകത്തെ വിഭാഗീയത പരിഹരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സിപിഎം ശക്തി കേന്ദ്രമായ ഇവിടെ നൂറിലധികം വിമതര്‍ക്ക് അംഗത്വം നല്‍കാനാണ് സിപിഐ കുറ്റിക്കോലില്‍ 17ന്  പ്രത്യേക കണ്‍വെന്‍ഷന്‍ ചേരുക. 69 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിക്കുകയാണെന്ന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായ പി. ഗോപാലന്‍  പറഞ്ഞുകഴിഞ്ഞു.സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉള്‍പ്പെടെയുള്ളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം ഏരിയാ സെക്രട്ടറിയായി സി.ബാലനെ നിയമിച്ചതോടെയാണ് വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.പരിഹരിക്കാന്‍  സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ പിടിവാശി കാരണം ചര്‍ച്ചകള്‍ അലസി. ലോക്‌സഭാ,ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍  ബേഡകത്തെ വിഭാഗീയത കാരണം സിപിഎമ്മിന്റെ  വോട്ടു ചോര്‍ന്നിരുന്നു. പി ഗോപാലന്റെ നേതൃത്വത്തിലുള്ള  വിമത വിഭാഗത്തിന്റെ നിസഹകരണമായിരുന്നു  കാരണം.  വിമത പക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനും പ്രശ്‌നം പരിഹരിക്കാനും തയ്യാറാണെന്ന് നേതൃത്വം അറിയിച്ചതോടെയാണ്  നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വവുമായി വിമതര്‍ സഹകരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി യോഗങ്ങളില്‍  അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ക്കെതിരെയുണ്ടായ  പരാമര്‍ശങ്ങളാണ് വിമതപക്ഷത്തെ ചൊടിപ്പിച്ചത്. ഇതിനിടയിലാണ് സിപിഐ നേതാക്കളുമായി  വിമതര്‍ ചര്‍ച്ച ആരംഭിച്ചത്. ഇക്കാര്യം സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.  ഇതോടെ ഏതുവിധേനയും പ്രശ്‌നം പരിഹരിച്ച് വിമതര്‍ സിപിഐയിലേക്ക് പോകുന്നത് തടയണാന്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച്  ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ ഉള്‍പ്പെടെ വിമതരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മുന്‍ ഏരിയാ നേതാക്കള്‍ ഉള്‍പ്പെടെ സിപിഐയില്‍ ചേരുന്നത് സിപിഎമ്മിന് കനത്ത പ്രത്യാഘാതമുണ്ടാക്കും.  മുളിയാര്‍, ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളില്‍ നിന്നുള്ള ചില നേതാക്കളും സിപിഐയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.ദേലംപാടി പഞ്ചായത്തിലെ ഒരു ഏരിയാ കമ്മിറ്റി അംഗത്തിന്റെ പിന്തുണയും ഉറപ്പാക്കിയതായാണ് സൂചന. കാറഡുക്കയിലും വിമതര്‍ പാര്‍ട്ടി വിട്ടേക്കും കാറഡുക്കയില്‍  പ്രശ്‌നങ്ങള്‍ മൂലം അസംതൃപ്തരായ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടാനൊരുങ്ങുന്നുണ്ട്. അജാനൂരിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐയുമായി അടുക്കുന്നതായാണ് പുതിയ വിവരം. സിപിഎം നേതൃത്വവുമായി ഏറെ നാളായി ഇടഞ്ഞു നില്‍ക്കുന്ന വിമതപക്ഷം കഴിഞ്ഞ ദിവസം സിപിഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ട്. ജില്ലയില്‍ ആരംഭിച്ചിരിക്കുന്ന വിമത നീക്കങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.