പന്ത്രണ്ട് ഐഎഎസുകാര്‍ക്ക് സ്ഥാനചലനം

Thursday 11 August 2016 10:58 pm IST

തിരുവനന്തപുരം: പന്ത്രണ്ട് ഐഎഎസുകാര്‍ക്ക് സ്ഥാനചലനം. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ സഞ്ജയ് എം.കൗളിനെ വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറായ എം.സി.മോഹന്‍ദാസിനെ ഗ്രാമവികസന കമ്മീഷണറായും ഐ&പിആര്‍ഡി ഡയറക്ടറായ മിനി ആന്റണിയെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിക്കും. ഗ്രാമവികസന കമ്മീഷണറായ എ.ടി. ജയിംസിനെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിക്കുവാനും കുട്ടനാട് പാക്കേജ് പ്രോജക്ട് ഡയറക്ടറുടെയും കോഴിക്കോട് വിമാനത്താവള വികസന സ്‌പെഷ്യല്‍ ഓഫീസറുടെയും അധിക ചുമതലകള്‍ കൂടി നല്‍കുവാനും തീരുമാനിച്ചു. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയായ പി.എം.അലി അസ്ഗര്‍ പാഷ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറാവും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും സിപിഎംയു ഡയറക്ടറുമായ കെ.എന്‍.സതീഷിനെ ഹൗസിംഗ് വകുപ്പ് കമ്മീഷണറായി നിയമിക്കും. കേരള സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രഡയറക്ടറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട് കേരളയുടെ പ്രൊജക്ട് മാനേജരുടെയും അധിക ചുമതലകള്‍ നല്‍കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായ കേശവേന്ദ്ര കുമാര്‍ ആയുഷ് മിഷന്‍ ഡയറക്ടറാവും. കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറുടെയും കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് സിഇഒ യുടെയും അധിക ചുമതലകള്‍ നല്‍കും. ഇദ്ദേഹം നിലവിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറുടെ ചുമതല തുടര്‍ന്നും വഹിക്കും. പി.ബാലകിരണാകും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍. കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കും. ഹൗസിംഗ് കമ്മീഷണറായ എസ്.കാര്‍ത്തികേയന്‍ ഫിഷറീസ് വകുപ്പ് ഡയറക്ടറാവും. ഇദ്ദേഹം ലോട്ടറീസ് വകുപ്പ് ഡയറക്ടറുടെ ചുമതല തുടര്‍ന്നും വഹിക്കും. കേരള സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്ര ഡയറക്ടറായ ഡി.ബാലമുരളി ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടറാവും. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയുടെ ചുമതല കൂടിയുണ്ടാവും. ഫോര്‍ട്ട് കൊച്ചി സബ്കളക്ടറായ എസ്.സുഹാസ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും സിപിഎംയു ഡയറക്ടറുമാകും. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് എംഡി ഡോ.അമ്പാടി ഐ&പിആര്‍ഡി ഡയറക്ടറുടെ ചുമതല കൂടി വഹിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നേരിട്ട് നിയമനം ലഭിച്ചവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ 2014 ജൂലൈ1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കുന്ന നിര്‍ദ്ദേശവും മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.