തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരിക്കെതിരെ വ്യത്യസ്ത സമരവുമായി യുവമോര്‍ച്ച. ഗതാഗത കമ്മീഷണറുടെ ജന്മദിനം വകുപ്പിലെ മുഴുവന്‍ ജീവനക്കാരും ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയതിന് എതിരെയാണിത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും തച്ചങ്കരിയുടെ ജന്മദിനം ആശംസിച്ച് ലഡു വിതരണം ചെയ്തായിരുന്നു യുവമോര്‍ച്ചയുടെ സമരം. ലഡു വിതരണം സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിനു മുന്നില്‍ പൂര്‍ത്തിയാക്കിയ ശേഷം ധര്‍ണ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.
പിണറായി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണെന്ന് രാജീവ് പറഞ്ഞു. തന്റെ ജന്മദിനം മുഴുവന്‍ വകുപ്പ് ജീവനക്കാരും ആഘോഷിക്കണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ച തച്ചങ്കരിയെ പുറത്താക്കാണം. നടപടിയെടുക്കാത്ത മന്ത്രി എ.കെ. ശശീന്ദ്രന് കേരളത്തിന് അപമാനമാണ്.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് ആധ്യക്ഷം വഹിച്ചു. ജില്ലാ നേതാക്കളായ പൂങ്കുളം സതീഷ്, സി.എസ്. ചന്ദ്രകിരണ്‍, അഡ്വ രഞ്ജിത് ചന്ദ്രന്, എസ്. ശ്രീരാഗ്, ബി.ജി. വിഷ്ണു, പ്രശാന്ത്, അഖില്‍, മഞ്ജിത്ത്, രഞ്ജിത്ത്, ചന്തു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: