പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 15ന്

Thursday 11 August 2016 11:12 pm IST

കണ്ണൂര്‍: പുഴാതി ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളിലെ 2006 മാര്‍ച്ച് മാസംവരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം 'ഓട്ടോഗ്രാഫ്-2016' 15ന് സ്‌കൂളില്‍വെച്ച് നടത്തും. കെ.എം.ഷാജി എംഎല്‍എയുടെ അധ്യക്ഷതയില്‍ പി.കെ.ശ്രീമതി എം.പി.സംഗമം ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അധ്യാപകരെ ആദരിക്കും. എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനം കണ്ണൂര്‍ ഡിഇഒ യു.കരുണാകരന്‍ നടത്തും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക വിദ്യാലയത്തിന് ഉപഹാര സമര്‍പ്പണം സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.പി.മുഹമ്മദ് ആഷിക് നിര്‍വ്വഹിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.എല്‍.നിയാസ് അവതരിപ്പിക്കുന്ന മാജിക് ഷോ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. 1971 ല്‍ കക്കാട് കുണ്ടുവളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ച മാപ്പിള എല്‍പി സ്‌കൂളിന്റെ തുടര്‍ച്ചയാണ് പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 1962-63 അധ്യയന വര്‍ഷം ഗവണ്‍മെന്റ് ഏറ്റെടുത്ത് യു.പി.സ്‌കൂളായി ഉയര്‍ത്തി. 1968ലാണ് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തത്. 1970-71ല്‍ എസ്എസ്എല്‍സി ആദ്യബാച്ച് പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിഭാഗം പിടിഎ 70 സെന്റ് സ്ഥലം വിലക്കുവാങ്ങി അത്താഴക്കുന്നില്‍ 1982-83 കാലഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് യുപി വിഭാഗം വേര്‍പെടുത്തി ഹൈസ്‌കൂള്‍ വിഭാഗം മാത്രമാക്കി. 2004ല്‍ സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളോടെ ഹയര്‍സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തി. സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ വിദ്യാലയത്തെ ആധുനിക സൗകര്യത്തോടെ നാട്ടിലെ മുഴുവന്‍ കുട്ടികളെയും ആകര്‍ഷിക്കുന്ന തരത്തില്‍വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയിപ്പിക്കുന്നതിന് പ്രവാസികള്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്. സഹപാഠികളെ കാണുന്നതിനും ഓര്‍മ്മ പങ്കുവെക്കുന്നതിനും പഠിച്ച അധ്യാപകരെ ആദരിക്കുന്നതിനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാരായ കെ.പി.എ.സലീം, വി.ജി.വിനിത, കെ.ശ്രീജ, ടി.കെ.അഷറഫ്, പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.രാജന്‍, പിടിഎ പ്രസിഡണ്ട് ബി.കെ.അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ കെ.ടി.ഇസ്മയില്‍, ഒ.അനീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.