വ്യാജ പെര്‍മിറ്റുകളുള്ള ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കണം: ബിഎംഎസ്‌

Friday 12 August 2016 10:19 am IST

കോട്ടക്കല്‍: ഒരേ പെര്‍മിറ്റ് നമ്പറില്‍ ഒന്നില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ കോട്ടക്കല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നു. തെളിവുകള്‍ സഹിതം അധികാരികള്‍ക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് ഇത്തരം ഓട്ടോകള്‍ പിടിച്ചെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. വ്യാജ പെര്‍മിറ്റുകള്‍ സംബന്ധിച്ച് ഇതിന് മുമ്പും തൊഴിലാളികള്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം രേഖകള്‍ സഹിതം തൊഴിലാളികള്‍ പോലീസിനെ സമീപിച്ചിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തില്‍ വ്യാജ ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്ത് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. 2000 ഓട്ടോറിക്ഷകള്‍ക്ക് മാത്രമേ കോട്ടക്കലില്‍ പെര്‍മിറ്റുള്ളു. പക്ഷേ സര്‍വീസ് നടത്തുന്നതാകട്ടെ 5000ല്‍ അധികം വാഹനങ്ങളും. അധികൃതരുടെ ഒത്താശയോടെയാണ് വ്യാജന്മാര്‍ പെരുകുന്നത്. ലോണെടുത്തും കടം വാങ്ങിയും ഉപജീവന മാര്‍ഗത്തിനായി ഓട്ടോറിക്ഷ വാങ്ങിച്ച സാധാരണ തൊഴിലാളികളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ ബിഎംഎസ് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്, വിനീഷ് മോഹനന്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.