മലയോരമേഖലയില്‍ വന്യമൃഗവേട്ടയും മദ്യവില്‍പനയും വ്യാപകം

Friday 12 August 2016 3:58 pm IST

പത്തനാപുരം: ജില്ലാ അതിര്‍ത്തിയില്‍ അടക്കമുളള വനമേഖലകളില്‍ അനധികൃത മദ്യവില്‍പനയും വന്യമൃഗ വേട്ടയും വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തി പ്രദേശമായ മലയോര മേഖലകളിലാണ് അനധികൃത മദ്യ വില്‍പനയും മൃഗവേട്ടയും വ്യാപകമായത്. രണ്ടു ജില്ലകളുടേയും അതിര്‍ത്തിമേഖലയായതിനാല്‍ പോലീസും എക്‌സൈസും ഫോറസ്റ്റ് അധികാരികളും അടക്കമുളളവര്‍ കാര്യമായ പരിശോധനകള്‍ നടത്താത്തതാണ് മൃഗവേട്ട അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകാന്‍ കാരണം. പാടം, പൂമരുതിക്കുഴി, കിഴക്കേ വെള്ളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശേരി, ചെമ്പനരുവി മേഖലകളിലാണ് മദ്യവില്‍പനയും മൃഗവേട്ടയും നടക്കുന്നത്. കുന്നിക്കോട്, പത്തനാപുരം, കോന്നി ബീവറേജസ് ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യം ചെറുകിടവ്യാപാരികളും ഒഴിഞ്ഞ മേഖലകളിലെ ചില വീടുകളിലും വില്‍പന നടക്കുന്നുണ്ട്. മൂന്നിരട്ടി വില വരെ വാങ്ങിയാണ് വില്‍പന. വലിയ മുതല്‍മുടക്കില്ലാതെ വന്‍ലാഭം ലഭിക്കുന്നതിനാല്‍ വൃദ്ധരും ചെറുപ്പക്കാരും ചില സ്ത്രീകളുമടക്കം മദ്യവില്‍പനക്കായി രംഗത്തുണ്ട്. പൊതു അവധി ദിവസങ്ങളില്‍ വരെ വില്‍പന തകൃതിയായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഉള്‍വനങ്ങളില്‍ കുഴികളെടുത്ത് ടാര്‍പ്പാളിന്‍ ഷീറ്റ് വിരിച്ച് കോട നിര്‍മ്മിച്ച് വാറ്റിയെടുക്കുന്ന വ്യാജച്ചാരായ നിര്‍മ്മാണവും വില്‍പനയും മലയോരത്ത് ചിലയിടങ്ങളിലുണ്ട്. ഇതിനുപുറമെ ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്കുകളുപയോഗിച്ചാണ് മൃഗവേട്ട. പന്നി, കേഴ, കൂരന്‍, മുള്ളന്‍പന്നി എന്നിവയെയാണ് കൂടുതലും വേട്ടയാടപ്പെടുന്നത്. എയര്‍ഗണ്‍ ഉപയോഗിച്ച് ചെവിയന്‍, മലയണ്ണാന്‍, കീരി, പാറാന്‍ എന്നിവയെയും ചില അപൂര്‍വയിനം പക്ഷികളേയും കൊല്ലുന്നതും പതിവായിട്ടുണ്ട്. ഇതില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്ലയിനം ഇറച്ചി പ്രതിഫലമായി നല്‍കുന്നതായും ആക്ഷേപമുണ്ട്. പത്തനാപുരം, കോന്നി പോലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ പരിധിയിലാണ് ഇത് കൂടുതലും നടക്കുന്നത്. ചാണകക്കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ നാളുകള്‍ക്ക് മുമ്പ് വന്യമൃഗങ്ങളുടെ കൊമ്പും സമീപത്തെ വനത്തില്‍ നിന്ന് വന്യമൃഗങ്ങളുടെ അസ്ഥി കൂടങ്ങളുടെ ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. പെരുമ്പാമ്പിനെ മോഷ്ടിക്കുകയും പുലിനഖവുമായി ഒരു സംഘത്തെ പിടികൂടിയതും കിഴക്കന്‍ മേഖലയില്‍ തന്നെയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള അധികാരികളുടെ പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുകയാണ്. മൂന്നാഴ്ച മുമ്പ് ചെമ്പനരുവി ചെരിപ്പിട്ടക്കാവിലെ എസ്എഫ്‌സികെയുടെ കോട്ടേഴ്‌സിനു സമീപത്തു നിന്നും നാടന്‍ തോക്ക് ഉപേക്ഷിച്ച നിലയില്‍ പത്തനാപുരം പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കി വില്‍പന നടത്തിയതിന് എസ്എഫ്‌സികെ ജീവനക്കാരനെ വനംവകുപ്പ് പിടികൂടിയതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.