ജില്ലയില്‍ അമ്പതോളം നന്മസ്റ്റോറുകള്‍ പൂട്ടുന്നു

Friday 12 August 2016 7:44 pm IST

ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ തുടങ്ങിയ ജില്ലയിലെ അന്‍പതിലധികം നന്മ സ്റ്റോറുകള്‍ക്ക് താഴുവീഴുന്നു. ഇവിടങ്ങളിലെ നൂറ്റിഅന്‍പതിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി. പൂട്ടുന്ന നന്മ സ്റ്റോറുകള്‍ ഇനി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്ന വിവരം കാണിച്ച് കണ്‍സ്യൂമര്‍ ഫെഡ് എംഡിയുടെ ഉത്തരവ് പ്രകാരം കടകളില്‍ അറിയിപ്പ് നോട്ടീസുകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് അടച്ചുപൂട്ടാനാണ് എംഡിയുടെ ഉത്തരവ്. ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സഹകരണ ബാങ്കുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘനടകള്‍ വ്യക്തികള്‍ എന്നിവര്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ 135 ഓളം നന്മ സ്റ്റോറുകളും മൊബൈല്‍ ത്രിവേണി സ്റ്റോറുകളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് അടുത്ത സമയത്ത് 124 ആയി ചുരുങ്ങി. ഇപ്പോള്‍ 53 സ്റ്റോറുകള്‍ക്കാണ് രണ്ട് ദിവസത്തിനകം പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ ഹരിപ്പാട് താമല്ലാക്കല്‍, ഹരിപ്പാട് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളില്‍ സ്റ്റോക്കെടുത്ത് കട പൂട്ടുന്നതിനായി ഗോഡൗണില്‍ നിന്നും ആളുകള്‍ എത്തിയപ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായെത്തി തടഞ്ഞു. നന്മ സ്റ്റോറുകള്‍ അനുവദിച്ചതിലും ജീവനക്കാരെ നിയമിച്ചതിലും ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് ഹരിപ്പാട് നിയോജകമണ്ഡലത്തിലാണ്. തുടങ്ങാന്‍ പറ്റാത്ത പല സ്ഥലങ്ങളിലും സ്റ്റോറുകള്‍ തുടങ്ങി തൊഴില്‍രഹിതരില്‍ നിന്നും ഒരു ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ കൈക്കൂലിവാങ്ങിയാണ് നിയമനം നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒരു കടയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കായിരുന്നു നിയമനം. ഒരാള്‍ക്ക് നാലായിരത്തി അഞ്ഞൂറ് രൂപയാണ് ശമ്പളമായി നല്‍കിയത്. ഇപ്പോള്‍ അതുംകിട്ടാതാകുന്ന അവസ്ഥ വന്നാല്‍ ലക്ഷങ്ങള്‍ കൊടുത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ആ പണവും ജോലിയും നഷ്ടമായ അവസ്ഥയാണ്. ആറാട്ടുപുഴ - തൃക്കുന്നപ്പുഴ പ്രദേശത്തുള്ളവരാണ് കൂടുതലും ചതിയില്‍പ്പെട്ടത്. ഇതിനിടയില്‍ ജോലി നഷ്ടപ്പെട്ട ഒരു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.