കരിമുട്ടി, പുറവയല്‍ മേഖലകളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശം

Friday 12 August 2016 9:28 pm IST

മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ കരിമുട്ടി, പുറവയല്‍ മേഖലകളില്‍ വ്യാപക കൃഷി നാശം. മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി എത്തുന്ന ആനകളാണ് പതിനായിരക്കണക്കിന് രൂപയുടെ നാശം വരുത്തിവച്ചിരിക്കുന്നത്. കരിമുട്ടി വട്ടവേലില്‍ ബാബുവിന്റെ കൃഷിയിടത്തിലെ തൊള്ളായിരത്തോളം വാഴകള്‍, 20ലധികം കവുങ്ങുകള്‍ എന്നിവയാണ് ആന നശിപ്പിച്ചത്. മൂന്ന് കൊമ്പനാനകളാണ് ഇവിടെ എത്തുന്നതെന്ന് ബിജെപി ബ്ലോക്ക് വൈസ് പ്രസിഡന്റുകൂടിയായ ബാബു പറയുന്നു. കരിമുട്ടിയിലെ തന്നെ ഗുണശേഖരന്‍, ഫല്‍ഗുണന്‍, ഉദയന്‍ എന്നിവരുടെയും കൃഷി നശിച്ചിട്ടുണ്ട്. സമാനമായി പുറവയലിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്. പ്രധാനമായും വാഴ, പന, കവുങ്ങ്, തെങ്ങ് എന്നിവയാണ് നശിച്ചിട്ടുള്ളത്. രാത്രി 7 മണിയോടെ എത്തുന്ന ആന പുലര്‍ച്ചവരെ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിലസുകയാണ്. മറിച്ചിടുന്ന പന എടുത്തുകൊണ്ട് പോയി ദൂരസ്ഥലതെത്തിച്ചാണ് ഭക്ഷണമാക്കുന്നത്. വാച്ചര്‍മാര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫെന്‍സിങ് തകര്‍ത്താണ് ആനകളെത്തുന്നത്. വൈദ്യുതി കമ്പികള്‍ ഉപയോഗിച്ച് ഒരുക്കുന്ന സുരക്ഷാവലയം മരം മറിച്ചിട്ടാണ് ആനകള്‍ തകര്‍ക്കുന്നത്. ഇതിന് ശേഷം ഈ മരത്തിന് മുകളിലൂടെ നാലുകാലും ഒരുമിച്ച് വച്ചാണ് ആനകള്‍ അതിര്‍ത്തി കടക്കുന്നത്. വനം വകുപ്പ് പ്രശ്‌നത്തില്‍ കാര്യക്ഷമായി ഇടപെടണമെന്നാണ് സമീപവാസികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.