564 ജില്ലകളില്‍ പ്രത്യേക യൂണിറ്റ്: രാജ്‌നാഥ്

Friday 12 August 2016 9:39 pm IST

ന്യൂദല്‍ഹിയില്‍ അന്വേഷണ ഏജന്‍സികളുടെ ആദ്യ ദേശീയ സമ്മേളനത്തില്‍
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു

ന്യൂദല്‍ഹി:സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി അന്വേഷിക്കാന്‍ 564 ജില്ലകളില്‍ പ്രത്യേകമായ അന്വേഷണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് അറിയിച്ചു. മൂന്നിലൊന്ന് യൂണിറ്റുകളില്‍ അന്വേഷകര്‍ വനിതകളായിരിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യാനുപാതത്തിലുള്ള സഹകരണത്തിലായിരിക്കും പദ്ധതി. ഇതിന് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം 324 കോടി രൂപ ചെലവിടുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ ഏജന്‍സികളുടെ ആദ്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

.ശാസ്ത്രീയ കുറ്റാന്വേഷണം കൂടുതല്‍ മെച്ചപ്പെടുത്തണം. 12-ാം പഞ്ചവത്സര പദ്ധതികാലത്ത് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളുടെ ആധുനികവല്‍ക്കരണത്തിന് 279.90 കോടി രൂപ ചെലവിടും. പൂനെ, ഭോപ്പാല്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ പുതിയ ലബോറട്ടറികള്‍ തുടങ്ങും. ഈ ലാബുകളില്‍ ഫോറന്‍സിക് ഇലക്‌ട്രോണിക്‌സ്, ഫോറന്‍സിക് ഡിഎന്‍എ, ഫോറന്‍സിക് എഞ്ചിനീയറിങ്, ഫോറന്‍സിക് ഇന്റലിജന്‍സ്, ഫോറന്‍സിക് സൈക്കോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കും.

എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തകരും മറ്റും സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നത് പുതിയ ഭീഷണി ഉയര്‍ത്തുന്നതായി സിങ് ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.