ഷാരൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞു

Friday 12 August 2016 9:53 pm IST

ലോസ്ഏഞ്ചല്‍സ്: ബോളീവുഡ് താരം ഷാരൂഖ് ഖാനെ വീണ്ടും വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു. സുരക്ഷാപരിശോധനകളുടെ ഭാഗമായാണ് നടപടി. ട്വിറ്ററിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പലതവണ ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് ദുഃഖകരമാണെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. ഇത് തന്നെ നിരാശപ്പെടുത്തി. രണ്ട് മണിക്കൂറോളമാണ് താരത്തെ തടഞ്ഞത്. 2012ല്‍ ഷാരൂഖിനെ മൂന്ന് മണിക്കൂറോളം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു. 2009ലും ഇതേ വിമാനത്താവളത്തില്‍ സമാന സംഭവമുണ്ടായി. സംഭവത്തില്‍ ഭാരതത്തിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ ഖേദം പ്രകടിപ്പിച്ചു. മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കാനുളള നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അമേരിക്കയിലും ഷാരൂഖിന് ലക്ഷക്കണക്കിന് ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാരൂഖ് വര്‍മയ്ക്ക് നന്ദി അറിയിച്ചു. താന്‍ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും എന്നാല്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അമേരിക്കന്‍ സ്ഥാനപതിയ്ക്കുളള മറുപടിയില്‍ ഖാന്‍ വ്യക്തമാക്കി. ചലച്ചിത്രതാരം ഇര്‍ഫാന്‍ ഖാനെയും രണ്ട് തവണ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചിട്ടുണ്ട്. നടന്‍ വാരിസ് അലുവാലിയ്ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഒരുരാജ്യാന്തര ചലച്ചിത്രോത്സവത്തിന് പോകാനെത്തിയ അദ്ദേഹത്തെ മെക്‌സിക്കന്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ഇതിന് പുറമെ അദ്ദേഹത്തിന്റെ തലപ്പാവ് അഴിക്കാനും ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനും 2011ല്‍ ഇതേ അനുഭവമുണ്ടായി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തിലായിരുന്നു അദ്ദേഹത്തെ തടഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.