കോടികള്‍ നഷ്ടമാകും; സ്വാശ്രയ മെഡി. പ്രവേശനം അട്ടിമറിക്കാന്‍ നീക്കം

Friday 12 August 2016 11:17 pm IST

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് പ്രവേശനം വിവാദങ്ങളുണ്ടാക്കി അട്ടിമറിക്കാന്‍ നീക്കം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപ്രദമാകുന്ന, അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ നടപ്പാക്കുന്ന സംവിധാനം അട്ടിമറിക്കാനാണ് അണിയറ നീക്കം സ്വാശ്രയ കേളേജുകളിലെയും ഡീംഡ് യൂണിവേഴ്‌സിറ്റികളിലെയും എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ പ്രവേശനം സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്ന് അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച സര്‍ക്കുലറാണ് വിവാദമാക്കുന്നത്. സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ നീറ്റ് പരീക്ഷ നടപ്പാക്കിയിരുന്നു. പരീക്ഷയില്‍ അമ്പതുശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കേ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലും പ്രവേശനം ലഭിക്കൂ. പ്രവേശനത്തിന് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പരീക്ഷയ്ക്കു മുമ്പേ നല്‍കി. ആഗസ്റ്റ് 17ന് ഫലം പ്രഖ്യാപിക്കുന്നതോടെ മാര്‍ക്കിന്റെ മാനദണ്ഡവും പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു മുമ്പ് മെഡിക്കല്‍ പ്രവേശനത്തിനു പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഓര്‍മ്മിപ്പിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ സര്‍ക്കുലര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് പുതിയവിവാദം. സര്‍ക്കുലറിലെ അഭിപ്രായം ആരാഞ്ഞ് ജയിംസ് കമ്മിറ്റി ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത്‌നല്‍കി. ഇത് സംബന്ധിച്ച് എന്‍ട്രസന്‍സ് കമ്മീഷണറും സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. നീറ്റ് പരീക്ഷ വഴി പ്രവേശനം നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് പ്രതിനിധികളെ ആശ്രയിക്കാതെ രാജ്യത്തെവിടെയും പ്രവേശനം നേടാം. മറ്റ് സംസ്ഥാനങ്ങളില്‍ പോയി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നല്‍കി മെഡിക്കല്‍ പഠനം നടത്താം. നീറ്റ് ഗുണകരമെന്ന് ചില മാനേജ്‌മെന്റ് പ്രതിനിധികളും പറഞ്ഞു. വിദ്യാര്‍ത്ഥികളെ തേടി നടക്കേണ്ടതില്ല. പകരം സര്‍ക്കാര്‍ സംവിധാനം വഴി വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ എത്തും. എംബിബിഎസ്, ബിഡിഎസ് പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ഒട്ടുമിക്ക കോളേജുകളിലും ഏതാനും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറുണ്ട്. നീറ്റ് നടപ്പാകുന്നതോടെ ഈ അവസ്ഥ ഉണ്ടാകില്ല. പഠന മികവും ഉണ്ടാകും. എന്നാല്‍ വന്‍തുക തലവരിപ്പണം നിശ്ചയിച്ച് കരാര്‍ ഉറപ്പിക്കുന്ന കോളേജുകള്‍ക്ക് പുതിയ സംവിധാനം തിരിച്ചടിയാകും. നീറ്റ് അഖിലേന്ത്യാ തലത്തിലായതിനാല്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം ഏത് കോളേജിലായിരിക്കുമെന്നത് നീറ്റ് പരീക്ഷയും കഴിഞ്ഞ് അലോട്ട്‌മെന്റുകള്‍ നടന്നാലേ പറയാനാകൂ. മൂന്‍കൂറായി ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങാന്‍ സാധിക്കില്ല. മാനേജ്‌മെന്റ് അസോസിയേഷനിലെ ചിലരുടെ പിടിവാശിയും മത രാഷ്ട്രീയ ചേരിതിരിവുമാണ് ഏറെ ഗുണകരമാകുന്ന പുതിയ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നതിനു പിന്നില്‍. ജയിംസ് കമ്മറ്റി അഭിപ്രായം ആരായേണ്ടതില്ല. നീറ്റ് നിയമത്തില്‍ ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ സര്‍ക്കാര്‍ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനവും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകം. ഇതോടെ മെഡിക്കല്‍ പ്രവേശനത്തിന് ജയിംസ് കമ്മറ്റി മേല്‍നോട്ടം വഹിക്കേണ്ടിയും വരില്ല. പകരം കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റും നിരീക്ഷിച്ചാല്‍ മതിയാകും. നിലവില്‍ തന്നെ ജെയിംസ് കമ്മറ്റി ആക്ട് മാത്രമെ നില നില്‍ക്കുന്നൂള്ളൂ. ഇതില്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങളിലധികവും അപ്രസക്തമായിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.