മാറാട് കൂട്ടക്കൊല: സിബിഐ അന്വേഷണത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും എതിര്‍ത്തത് എന്തിനെന്ന് വ്യക്തമാക്കണം - പി.കെ. കൃഷ്ണദാസ്

Saturday 13 August 2016 10:29 am IST

കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ ഇന്നു പിന്തുണക്കുന്നവര്‍ സിബിഐ അന്വേഷണത്തെ മുമ്പ് എതിര്‍ത്തിരുന്നതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി കോഴിക്കോട് ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. ഇരുമുന്നണികളും അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കോഴിക്കോട് സംയുക്ത കണ്‍വെന്‍ഷന്‍ നടത്തി ഇരകളെ വഞ്ചിക്കുകയും വേട്ടക്കാരെ പിന്തുണക്കുകയുമായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് ഇവരെല്ലാം മൊഴി നല്‍കിയതാണ്. ഈ വഞ്ചന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. മാറാട് കൂട്ടക്കൊല നടത്തിയവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും സംരക്ഷിക്കുന്ന നടപടിയാണ് ഇതുവരെയും ഇരുമുന്നണികളും കൈക്കൊണ്ടത്. മാപ്പര്‍ഹിക്കാത്ത ഈ നിലപാട് എടുത്ത ഇരുമുന്നണികളും കേരള ജനതയോട് മാപ്പുപറയണം. ഗൂഢാലോചന അന്വേഷണം നടത്തി കുറ്റവാളികളെ നീതിപീഠത്തിന് മുമ്പില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ കേരളത്തില്‍ പിന്നിട് നടന്ന ഐഎസ് ഭീകര റിക്രൂട്ടുമെന്റുവരെ തടയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, കെ.പി. ശ്രീശന്‍, വി.കെ. സജീവന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഹല്യശങ്കര്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, പി. രഘുനാഥ്, കൂ.വെ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പി. ജിജേന്ദ്രന്‍ സ്വാഗതവും ടി. ബാലസോമന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.