ന്യൂദൽഹി: തുടർച്ചയായി തനിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ യുവാവിന് തിരിച്ചടി നൽകിയിരിക്കുകയാണ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ഷർമിസ്ത മുഖർജി. അയാളുടെ അക്കൗണ്ടിന്റെയും അയാൾ നടത്തിയ അശ്ലീല ചാറ്റിന്റെയും സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് അവർ പകരം വീട്ടിയത്.
പാർത്ഥ മണ്ഡൽ എന്നയാളാണ് ഷർമിസ്തയ്ക്ക് നിരന്തരമായി സന്ദേശങ്ങൾ അയച്ച് കൊണ്ടിരുന്നത്. ആദ്യമൊക്കെ ഇത്തരം സന്ദേശങ്ങൾ കണ്ടില്ലെന്ന് നടിക്കാനാണ് തനിക്ക് തോന്നിയത്. എന്നാൽ ഇത് വെറുതെ വിട്ടാൽ ഇനിയും ഇത്തരം ഇരകളെ കണ്ടെത്താൻ അയാൾക്ക് പ്രചോദനമാകും എന്ന് കരുതിയാണ് ഒരു പണി കൊടുക്കാൻ തീരുമാനിച്ചതെന്ന് ദൽഹി പ്രദേശ് കോൺഗ്രസിന്റെ മുഖ്യ വക്താവ് കൂടിയായ ഷർമിസ്ത പറയുന്നു.
തുടർന്ന് ഷർമിസ്ത അയാളുടെ അക്കൗണ്ടിന്റെയും സന്ദേശങ്ങളുടെയും സ്ക്രീൻ ഷോട്ട് അടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സമൂഹത്തെ അറിയിക്കണമെന്നും അവർ തന്റെ പോസ്റ്റിൽ പറയുന്നു. സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഷർമിസ്തയ്ക്ക് അനുകൂലമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: