കുട്ടനാട്: എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ആരംഭിച്ചു. രാവിലെ തകഴി കുന്നുമ്മ 793 നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. എന്‍എസ്എസ് ട്രഷറര്‍ ഡോ. എന്‍. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. 15ന് വൈകിട്ട് 4.30ന് പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഘോഷയാത്ര സമാപിക്കും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ ഛായാചിത്രവും വഹിച്ചുള്ള വിളംബരഘോഷയാത്രയ്ക്ക് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷ സമാപനം അടുത്ത മാസം 10, 11 തീയതികളില്‍ നടക്കും. 11ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: