​കാ​റ്റി​ ലെ​ഡെ​ക്കി​;​ നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ​ വ​നി​താ​ ഫെ​ൽ​പ്‌​സ്

Saturday 13 August 2016 9:40 pm IST

റിയോ ഡി ജനീറോ: കാറ്റി ലെഡെക്കിക്ക് ലോക റെക്കോർഡോടെ സ്വർണ്ണം. ഇന്നലെ 800 മീറ്റർ ഫ്രീസ്‌റ്റൈലിലാണ് 19 വയസ്സുള്ള ഈ അമേരിക്കൻ കൗമാരതാരം ലോക-ഒളിമ്പിക് റെക്കോർഡിന്റെ അകമ്പടിയോടെ പൊന്നണിഞ്ഞത്. റിയോ ഒളിമ്പിക്‌സിലെ നാലാം സ്വർണ്ണം. എട്ട് മിനിറ്റും 04.79 സെക്കൻഡും കൊണ്ടാണ് ലെഡേക്കി തന്റെ ഇഷ്ട ഇനത്തിൽ സ്വർണം നേടിയത്. വെള്ളി മെഡൽ നേടിയ ബ്രിട്ടന്റെ ജാസ്മിൻ കാരലിൻ ഫിനിഷ് ചെയ്യാൻ എടുത്ത സമയം കാത്തിയേക്കാർ 12 സെക്കന്റ് കൂടുതൽ. 8 മിനിറ്റ് 16:17 സെക്കൻഡു കൊണ്ടാണ് ബ്രിട്ടീഷ് വനിത ഫിനിഷ് ചെയ്തത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം എത്ര മാത്രം ആധികാരികമായിരുന്നു കാറ്റിയുടെ വിജയമെന്ന്. നീന്തൽകുളത്തിലെ രാജാവാണ് ഫെൽപ്‌സെങ്കിൽ നീന്തൽ കുളത്തിലെ രാജ്ഞിയാണ് ലെഡെക്കി. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലും ഈയിനത്തിൽ കാറ്റിക്കായിരുന്നു സ്വർണ്ണം. തുടക്കം മുതൽ ലെഡെക്കിയായിരുന്നു മുന്നിൽ. ഒരിക്കലും ഒരു വെല്ലുവിളിയും മറ്റു താരങ്ങളിൽ നിന്ന് ലെഡെക്കിക്ക് ഉണ്ടായില്ല. ഓരോ ലാപ്പിലും ലീഡ് ഉയർത്തുകയായിരുന്നു അവർ. ഇതോടെ ഒരു സംശയം മാത്രമാണ് ഉണ്ടായത്. പുതിയ ലോകറെക്കോർഡ് സൃഷ്ടിക്കപ്പെടുമോ എന്നതിൽ. ഒടുവിൽ അതും സംഭവിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ കാറ്റി തന്നെ സ്ഥാപിച്ച 8:06.68 സെക്കൻഡിന്റെ റെക്കോർഡ് തകർന്നുവീണു. നാല് സെക്കൻഡിന്റെ വ്യത്യാസത്തിൽ. ഹീറ്റ്‌സിലായിരുന്നു ഒളിമ്പിക് റെക്കോർഡ് കാറ്റി മറികടന്നത്. 2008-ൽ ബ്രിട്ടന്റെ റെബേക്ക അഡ്‌ലിങ്ടൺ സ്ഥാപിച്ച 8:14.10 സെക്കൻഡിന്റെ റെക്കോർഡ് 8:12.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കാറ്റി തിരുത്തിയിരുന്നു. മത്സരിച്ച അഞ്ച് ഇനത്തിൽ നാലിൽ സ്വർണവും ഒന്നിൽ വെള്ളിയും ലെഡേക്കി സ്വന്തമാക്കി. രണ്ടെണ്ണത്തിൽ ലോകറെക്കോർഡും. 800 മീറ്ററിനു പുറമെ 400 മീറ്ററിലായിരുന്നു കാറ്റിയുടെ ആദ്യ ലോക റെക്കോർഡ്. 200 മീറ്റർ ഫ്രീസ്‌റ്റൈിലിലും കാറ്റിക്ക് എതിരുണ്ടായില്ല. 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലും കാറ്റി ഉൾപ്പെട്ട അമേരിക്കക്ക് സ്വർണ്ണം. ഇതോടെയാണ് നാല് സ്വർണ്ണം കാറ്റി തികച്ചത്. 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ വെള്ളിയും. സ്വന്തം ടീമംഗങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു ലെഡെക്കി 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ കഴിഞ്ഞ ദിവസം രാജ്യത്തിന് സ്വർണ്ണം നേടിക്കൊടുത്തത്. അവസാന ലാപ്പിൽ ലെഡെക്കി നീന്തകുളത്തിലേക്ക് കുതിക്കുമ്പോൾ 0.90 സെക്കൻഡുകൾക്ക് ഓസ്‌ട്രേലിയയേക്കാൾ പിറകിലായിരുന്നു അമേരിക്ക. എന്നാൽ ആദ്യ ലാപ് തീരും മുൻപ് തന്നെ ലെഡെക്കി ഓസ്‌ട്രേലിയൻ താരത്തെ മറികടന്ന് ഒന്നാമതെത്തി. കാറ്റിയുടെ സഹതാരങ്ങൾ പോലും ആ പ്രകടനത്തിൽ അന്തംവിട്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.