ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Saturday 13 August 2016 10:41 pm IST

കോട്ടയം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാസര്‍കോഡ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. റെയില്‍വേയില്‍ മെഡിക്കല്‍ രംഗത്തും ടിക്കറ്റ് എക്‌സാമിനറായും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കാസര്‍കോട് പരപ്പ കപ്പാട് കുളത്തുങ്കല്‍ ഷമീമാ (27)ണ് അറസ്റ്റിലായത്. ഷിയാസ്, ഷാന്‍ എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്,കോട്ടയം സ്വദേശികളായ ഏഴു പേരില്‍ നിന്നായി 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതല്‍ പേര്‍ പരാതിക്കാരുണ്ടാകുമെന്നാണു പോലീസ് കണക്കുകൂട്ടല്‍. മൂന്നു മാസം മുമ്പ് കോട്ടയത്തെത്തിയ ഷമീം ആഢംബര ഹോട്ടലുകളില്‍ താമസിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗമാണെന്നും സ്‌പോര്‍ട്‌സ് ക്വാട്ടാ മുഖേനയാണു നിയമനം എന്നുമാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളെ ധരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. യുവാക്കളില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ഷിയാസ് മെഡിക്കല്‍, ഉദ്യോഗാര്‍ഥികളെ ശാരീരിക, വൈദ്യ പരിശോധനകള്‍ക്കായി മേയില്‍ ചെന്നൈയിലേക്കു കൊണ്ടുപോയി.പരിശോധനകള്‍ക്കായി 10 ദിവസം ചെന്നൈയില്‍ ഉദ്യോഗാര്‍ഥികളെ താമസിപ്പിച്ചിരുന്നു. പിന്നീട്, നാട്ടിലെത്തിയ യുവാക്കള്‍ക്ക് കഴിഞ്ഞ 27നു റെയില്‍വേയുടെ സെക്കന്തരാബാദിലെ ഓഫീസില്‍ നിയമിച്ചതായി കാണിച്ചുള്ള നിയമന ഉത്തരവ് നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ഉദ്യോഗാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് ജോലി വ്യാജമാണെന്നു തെളിഞ്ഞത്. ഇതോടെ, ഷിയാസ് കോട്ടയത്തു നിന്നു മുങ്ങി. ഇതിനിടെ, തട്ടിപ്പിനിരയായവരില്‍ ഒരാള്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോട്ടയത്തു നിന്നു മുങ്ങിയതായും രണ്ടു മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതായും കണ്ടെത്തി. മറ്റൊരു മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്നു സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ മനസിലാക്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൃക്കാക്കരയില്‍ ഫഌറ്റില്‍ താമസിക്കുന്ന വിവരം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രനു ലഭിച്ചു. തുടര്‍ന്നു ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.