ദേശീയ അവധിദിനങ്ങള്‍ പ്രവൃത്തിദിവസങ്ങളാക്കണം: എന്‍ജിഒ സംഘ്

Sunday 14 August 2016 12:34 am IST

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരില്‍ ദേശീയബോധമുണര്‍ത്തുന്നതിനായി സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പൊതു അവധിദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.സുകുമാരന്‍ പറഞ്ഞു. ദേശീയബോധമുള്ള പൗരസമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണ്. കണ്ണൂരില്‍ കേരള എന്‍ജിഒ സംഘ് മുപ്പത്തിയെട്ടാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എന്‍ജിഒ സംഘ് പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് 40 വര്‍ഷം മുന്‍പ് തന്നെ എന്‍ജിഒ സംഘ് ആവശ്യപ്പെട്ടിരുന്നു. അന്‍പത്തിയഞ്ച് വയസ്സില്‍ പെന്‍ഷനാകുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ സേവനം പിന്നീട് സ്വകാര്യ മേഖലക്കാണ് ലഭിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് വിവിധ ആവശ്യങ്ങളുമായി എന്‍ജിഒ സംഘ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അനുഭാവപൂര്‍വ്വമാണ് സര്‍ക്കാര്‍ എന്‍ജിഒ സംഘ് നേതാക്കളെ സ്വീകരിച്ചതെങ്കിലും അതിന് കടകവിരുദ്ധമായ നിലപാടുകളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ നയം പുന:പരിശോധിക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് ഇപ്പോള്‍ മൗനം പാലിക്കുകയാണ്. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് ഭാരതത്തെ ലോകത്തിന്റെ ഒന്നാം നിരയിലെത്തിക്കാനാണ്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഇഎസ്‌ഐ പദ്ധതി നടപ്പിലാക്കിയത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതും ഏറെ ഗുണം ചെയ്യും. രാജ്യത്ത് നടപ്പിലാക്കുന്ന തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി സംഘടനകളുമായി ആലോചിച്ച് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ സെപ്റ്റംബര്‍ 2 ന് നടക്കുന്ന ദേശീയ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മണിരാജ്, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍, വി.പി.മുരളീധരന്‍, എന്‍ടിയു ജില്ലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍, പിഎസ്‌സി എംപ്ലോയീസ് ജില്ലാ സെക്രട്ടറി എ.എന്‍.അജയകുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജീവന്‍ ചാത്തോത്ത് സ്വാഗതവും ട്രഷറര്‍ എം.രാജീവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.രമേശന്‍ സ്വാഗതവും കെ.കെ.സന്തോഷ് നന്ദിയും പറഞ്ഞു. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍ സംസാരിച്ചു. പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സജീവന്‍ ചാത്തോത്ത് സ്വാഗതവും വി.പ്രജിത്ത് നന്ദിയും പറഞ്ഞു. പുതിയ ജില്ലാഭാരവാഹികളായി കെ.ഒ.ജയകൃഷ്ണന്‍-പ്രസിഡണ്ട്, സജീവന്‍ ചാത്തോത്ത്-സെക്രട്ടറി, പി.കെ.ജയപ്രകാശ്, വി.പുരുഷോത്തമന്‍, എന്‍.വി.പദ്മിനി-വൈസ് പ്രസിഡണ്ടുമാര്‍, കെ.സുനില്‍ കുമാര്‍, കെ.വി.നന്ദകുമാര്‍-ജോയന്റ് സെക്രട്ടറിമാര്‍, എം.രാജീവന്‍-ട്രഷറര്‍, എം.ടി.മധുസൂദനന്‍, കെ.പി.രാജന്‍-സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.