മുഖംമൂടി സംഘം ഹാര്‍ഡ്‌വെയര്‍ കട അടിച്ചു തകര്‍ത്തു ഡിവൈഎഫ്‌ഐക്കാരെന്ന് സൂചന

Sunday 14 August 2016 9:12 pm IST

അക്രമികള്‍ തകര്‍ത്ത വാഹനങ്ങള്‍

കായംകുളം: മുഖംമൂടി ധരിച്ചെത്തിയ ഇരുപത്തഞ്ചംഗ സംഘം കായംകുളത്ത് ഹാര്‍ഡ്‌വെയര്‍ കട അടിച്ചു തകര്‍ത്തു. എരുവ ഉത്രം വീട്ടില്‍ വിജയന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ള വിജിസി ഗ്രൂപ്പില്‍ (ബീനാ ഹാര്‍ഡ്‌വെയേഴ്‌സ്) ആണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം.

സെക്യൂരിറ്റിയെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആറു കാറുകള്‍, രണ്ട് മിനിവാനുകള്‍, ഓഫീസ് എന്നിവയും തകര്‍ത്തു. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമെന്ന് ആരോപണം.

ശനിയാഴ്ച പകല്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പേരില്‍ സ്ഥാപനത്തിലെത്തി വന്‍ തുക പിരിവ് ആവശ്യപ്പെട്ടിരുന്നു. നല്‍കാന്‍ ഉടമ തയ്യാറായില്ല. തുടര്‍ന്ന് ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നു സൂചന.

കായംകുളം ഡിവൈഎസ്പി രാജേഷ്, സിഐ സദന്‍, എസ്‌ഐ ഡി. രജീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സ്ഥാപനത്തിലെ സിസി ടിവി കാമറയിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ മുഖം മൂടി അണിഞ്ഞ ആറംഗ സംഘം വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങളും ബാക്കിയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി റോഡില്‍ നില്‍ക്കുന്ന ദൃശ്യങ്ങളുമാണുള്ളത്. മുഖംമൂടി അണിഞ്ഞതിനാല്‍ ആളുകളെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സംഘടനകള്‍ സംയുക്തമായി ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തും. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. സമീപകാലത്തായി കായംകുളത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.