നാദാപുരം കൊലപാതകം; കാര്‍ കണ്ടെത്തി

Sunday 14 August 2016 11:23 pm IST

നാദാപുരം: നാദാപുരം വെള്ളൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതപ്പെടുന്ന കാര്‍ അന്വേഷണ സംഘം കണ്ടെത്തി. വടകര സഹകരണാശുപത്രിക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ് ഇന്നോവ കാര്‍ പൊലീസ് കണ്ടെത്തിയത്. കാറിന്റെ മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ്. കാറില്‍ നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശിയുടെ പേരിലുള്ള കാറിലാണ് കൊലാളികളെത്തിയത്. രണ്ട് വര്‍ഷം മുമ്പ് കാര്‍ വിറ്റതായി ബേപ്പൂര്‍ സ്വദേശി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് തവണ കാര്‍ മറിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. അവസാനമായി കാര്‍ കൈവശം വച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാര്‍ വാടകയ്‌ക്കെടുത്തത് വളയം സ്വദേശിയാണെന്നും വിവരം ലഭിച്ചു. ഇയാളെകുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. അതേ സമയം കാര്‍ വാടകയ്ക്ക് എടുക്കാന്‍ ഇടനിലക്കാരനായി നിന്ന വാണിമേല്‍ സ്വദേശി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും വിവരമുണ്ട്. രണ്ടാഴ്ച്ചയിലധികമായി അക്രമിസംഘം കാറുമായി നാദാപുരം മേഖലയില്‍ കറങ്ങിനടന്നെന്നാണ് സൂചന. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആക്രമത്തിലാണ് ലീഗ് പ്രവര്‍ത്തകനായ അസ്‌ലം (20) മരിച്ചത്. അസ്‌ലമും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിനെ ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് അക്രമികള്‍ അസ്‌ലമിനെ വെട്ടി കൊന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പറിനെ അടിസ്ഥാനമാക്കിയാണ് വാഹന ഉടമയെ തേടി അന്വേഷണം മുന്നോട്ട് പോകുന്നത്. കൊല നടത്തിയവര്‍ സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അസ്‌ലമിന് വെട്ടേറ്റെന്ന വിവരം പുറത്ത് വന്നതു മുതല്‍ നാദാപുരത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.