എടിഎം തട്ടിപ്പിലെ സാങ്കേതികവിദ്യ കണ്ടെത്തി

Monday 15 August 2016 11:48 am IST

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം തട്ടിപ്പിലെ സാങ്കേതികവിദ്യ കണ്ടെത്തി. എടിഎം മെഷീന്‍ ഹാക്കിങ്ങാണ് നടത്തിയിരിക്കുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെന്നും സ്ഥിരീകരിച്ചു. എടിഎം കാര്‍ഡ് ഉപയോഗിച്ചാലുടന്‍ ബാങ്കിലേക്ക് മെഷീനില്‍ നിന്ന് വിവരം അയയ്ക്കുന്ന സംവിധാനത്തില്‍ നിന്നാണ് വിവരം ചോര്‍ത്തിയത്. 450 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പ്രാഥമിക വിലയിരുത്തല്‍. വെള്ളയമ്പലം ആല്‍ത്തറ ജംക്ഷനിലെ എടിഎമ്മില്‍ നിന്നു മാത്രം ഏഴു ലക്ഷത്തിലധികം രൂപ കവര്‍ന്നു. തട്ടിപ്പിനു നേതൃത്വം നല്‍കിയ റുമേനിയന്‍ സംഘത്തിന് കേരളത്തില്‍ നിന്ന് പ്രാദേശികമായി സഹായങ്ങള്‍ ലഭിച്ചുവെന്നു സൂചന. വിശദാംശങ്ങള്‍ക്കായി ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്യുന്നു. ഇയാള്‍ പിടിയിലായ ശേഷവും മുംബൈയില്‍ നിന്ന് പണം പിന്‍വലിച്ചു. സംഘത്തിലെ അഞ്ചാമന്‍ റുമേനിയന്‍ പൗരന്‍ കോസ്‌മെയാണിതു ചെ യ്തത്. ഇയാളും രാജ്യം വിട്ടു. ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിട്ടും 11ന് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് കോസ്‌മെ കടന്നത്. ഗബ്രിയേല്‍ പിടിയിലായ അന്നു രാത്രി കോസ്‌മെ മുംബൈയിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എസ്ബിഐ, പോലീസിനു കൈമാറിയിരുന്നു. ഒമ്പതിന് രാത്രി 11.46 നാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ചിരുന്ന ഇയാള്‍ ഭാരതീയനോയെന്ന് സംശയിച്ചിരുന്നു. പണം പിന്‍വലിച്ച സമയത്ത് തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയായ എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജര്‍ ബി. ജ്യോതികുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 47,800 രൂപ പിന്‍വലിച്ചെന്ന സന്ദേശം മൊബൈലില്‍ ലഭിച്ചു. സംഘത്തിലെ ഗബ്രിയേല്‍, ക്രിസ്റ്റ്യന്‍ വിക്ടര്‍, ഫ്‌ളോറിയന്‍, ഇയോണ്‍ സ്ലോറിന്‍ എന്നീ നാലു പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ എട്ടു ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. സഹായം തേടി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് പോലീസ്. ഗബ്രിയേലുമായി പ്രതികള്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ തെളിവെടുപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.