മദ്യനയം കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല

Tuesday 16 August 2016 12:49 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ വോട്ടായി മാറിയോ എന്നത് ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. മദ്യനയത്തിലുള്ള തന്റെ നിലപാട് പാര്‍ട്ടി ഫോറത്തില്‍ വ്യക്തമാക്കുമെന്നും അഭിമുഖത്തില്‍ ചെന്നിത്തല പറയുന്നു. മദ്യനയം പുനപരിശോധിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ എതിര്‍ക്കുമ്പോഴാണ് യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്തല്‍ ആലോചിക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെടുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തും മദ്യനയവുമായി ബന്ധപ്പെട്ട് ചെന്നിത്തല വ്യത്യസ്ത നിലപാട് എടുത്തിരുന്നു. മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 418 ബാറില്‍ നിലവാരമുള്ളവ പരിശോധിച്ച് തുറക്കണമെന്ന ചെന്നത്തലയുടെ നിര്‍ദേശം സുധീരന്‍ തള്ളുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.